കണ്ണൂര്‍: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും. മികച്ച സേവനങ്ങള്‍ പരിഗണിച്ച് സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിക്കുന്നതിനാണ് രാഷ്‌ട്രപതി എത്തുന്നത്. വൈകിട്ട് 4.15ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം ഹെലിക്കോപ്റ്ററില്‍ അക്കാദമിയിലേക്ക് പോകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിമാനത്താവവളത്തില്‍ രാഷ്‌ട്രപതിയെ സ്വീകരിക്കും.
നാളെ രാവിലെ ഏഴിന് അക്കാദമിയില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നാവിക സേനാ കേഡറ്റുമാരുടെ പരേഡിനും രാഷ്‌ട്രപതി സാക്ഷ്യം വഹിക്കും. ഗവര്‍ണര്‍, സംസ്ഥാന മന്ത്രിമാര്‍, നാവിക സേനാ മേധാവി, പാര്‍ലമെന്റ് അംഗങ്ങള്‍, മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. രാഷ്‌ട്രപതി ആദ്യമായാണ് നാവിക അക്കാദമി ആസ്ഥാനത്തെത്തുന്നത്.
















