ശബരിമല: സന്നിധാനത്തും മാളികപ്പുറം തിരുമുറ്റത്തിന് സമീപവും ബൂട്ടിട്ട് കയറിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസറുടെ ശാസന. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഒരു സിഐയുടെ നേതൃത്വത്തില്‍ എട്ടു പോലീസുകാര്‍ ബൂട്ട് അടക്കമുള്ള പാദരക്ഷകള്‍ ധരിച്ച് ഡ്യൂട്ടിക്കെത്തിയത്.
സന്നിധാനത്തും തിരുമുറ്റത്തും മാളികപ്പുറം ഫ്‌ളൈ ഓവറിലും മാളികപ്പുറം ഭാഗങ്ങളിലും ബൂട്ടോ, പാദരക്ഷകളോ ഉപയോഗിക്കരുതെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നതില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ കാട്ടിയ വീഴ്ചയാണ് വിവാദമായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ രാഹുല്‍ ആര്‍. നായര്‍ പോലീസുകാര്‍ക്ക് താക്കീത് നല്‍കി. ഈ ഭാഗങ്ങളില്‍ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാനും തീരുമാനിച്ചു.
















