ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് എന്‍സിപി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്തില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന സര്‍ക്കാര്‍ വരുമെന്നും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും കഴിഞ്ഞ ദിവസം പവാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദല്‍ഹിയിലെ ചര്‍ച്ചയ്‌ക്ക് ശേഷം വിരുദ്ധ നിലപാട് സ്വീകരിച്ചത്. എന്‍സിപിയുടെ പിന്മാറ്റം ശിവസേനാ ക്യാമ്പില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ചു.
സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്ന് പവാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പൊതുമിനിമം പരിപാടി ചര്‍ച്ചയായില്ല. കോണ്‍ഗ്രസ്സും എന്‍സിപിയും തമ്മിലുള്ള രാഷ്‌ട്രീയ കാര്യങ്ങള്‍ മാത്രമാണ് വിഷയമായത്. തെരഞ്ഞെടുപ്പില്‍ പിന്തുണച്ച ചെറിയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യ രൂപീകരണം തീരുമാനിച്ചിട്ടില്ല. ചില കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ട്. ശിവസേനയുമായി നടന്നത് സാധാരണ കൂടിക്കാഴ്ചകള്‍ മാത്രമാണെന്നും പവാര്‍ തുറന്നടിച്ചു. രണ്ട് ദിവസത്തിന് ശേഷം ദല്‍ഹിയില്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും പറഞ്ഞു.
ഇതിനിടെ ബിജെപി-ശിവസേനാ സര്‍ക്കാരിനായി ചര്‍ച്ച നടത്തിയെന്ന് കേന്ദ്ര മന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ രാംദാസ് അത്‌വാലെ പറഞ്ഞു. മൂന്ന് വര്‍ഷം ബിജെപിയുടെയും രണ്ട് വര്‍ഷം ശിവസേനയുടെയും മുഖ്യമന്ത്രിയുണ്ടാകുമെന്നാണ് വാഗ്ദാനം. ബിജെപിക്ക് താത്പര്യമുണ്ടെങ്കില്‍ ആലോചിക്കാമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞതായും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശിവസേനയുമായി ചേരുന്നതില്‍ കോണ്‍ഗ്രസില്‍ അടിമുടി ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെടുത്തുമെന്ന് ഒരു വിഭാഗം വാദിക്കുന്നു. പവാറിന്റെ നിലപാടും പൂര്‍ണമായി വിശ്വസിക്കാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ല.
















