കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ അലനും, താഹയ്‌ക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാനെതിരേയും യുഎപിഎ ചുമത്തി. നഗര മോവോയിസ്റ്റ് ഭീകരര്‍ക്കുവേണ്ടി നടത്തിയ തെരച്ചിലില്‍ അലനേയും, താഹയേയും പിടികൂടി, ഉസ്മാനു വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് അന്വേഷണം വ്യാപകമാക്കുന്നതിനായാണ് പോലീസ് ഉസ്മാനെതിരേയും യുഎപിഎ ചുമത്തിയത്.
അലനെയും താഹയെയും ചോദ്യം ചെയ്തപ്പോള്‍ ഉസ്മാനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൂടാതെ ഇരുവരും നഗര മാവോയിസ്റ്റുകളാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുകൂലികള്‍ക്ക് സിപിഐ മാവോയിസ്റ്റ് നേതാക്കള്‍ സന്ദേശമെത്തിക്കുന്നത് ഇയാള്‍ മുഖേനെയെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചില്‍ നടത്തി വരുന്നത്.
അതേസമയം അന്യ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ഉസ്മാന് ബന്ധമുള്ളതായി പേലീസ് കണ്ടെത്തിയിട്ടുണ്ട്.അതിനാല്‍ ഉസ്മാന്‍ കേരളത്തിന് പുറത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണങ്ങള്‍ക്കായി കര്‍ണ്ണാടക, തമിഴ്‌നാട് പോലീസിന്റേയും സഹായം തേടും.
കാസര്‍ഗോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളിലായി ഉസ്മാനെതിരെ പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാലെണ്ണം യുഎപിഎ കേസുകളാണ്. മാവോയിസ്റ്റനുകൂല പ്രവൃത്തികള്‍ നടത്തിയതിനാണ് കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കരുവാരകുണ്ട് യുഎപിഎ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഇയാളെ കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നാണ് മലപ്പുറം പോലീസ് അന്വേഷണ ഉദ്യോസ്ഥര്‍ക്ക് നല്‍കിയ വിവരം. ഇന്നുകൂടി തിരച്ചില്‍ നടത്തിയിട്ടും പിടികൂടാനായില്ലെങ്കില്‍ പരിശോധന മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. വിവരം തമിഴ്നാട് ക്യൂ ബ്രാഞ്ചിനെയും കര്‍ണാടക ആന്റി നക്സല്‍ സ്‌ക്വാഡിന്റേയും സഹായം തേടാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ അറസ്റ്റിലായ അലനും, താഹയ്‌ക്കും ലഘുലേഖകളും മാവോയിസ്റ്റനുകൂല പുസ്തകങ്ങളും നല്‍കുന്ന് ഉസാമാനാണെന്നാണ് പോലീസ് നിഗമനം. തോക്കുമായി വയനാട്ടിലും നിലമ്പൂര്‍ കാടുകളിലും ഉസ്മാന്‍ പലതവണ പോയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം കിട്ടി.
മലപ്പുറം കണ്ണൂര്‍ വയനാട് ജില്ലകളില്‍ ഉസ്മാനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉസ്മാന്റെ സുഹൃത്തുക്കളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ കുറെ കാലമായി മലപ്പുറം പാണ്ടിക്കാട്ടുള്ള ഇയാളുടെ വീട്ടില്‍ വരാറില്ലെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്.
















