കൊച്ചി: നെടുമ്പാശ്ശേരി അത്താണി ജങ്ഷനില്‍ ബാര്‍ ഹോട്ടലിന് മുന്നിലെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അതേസമയം, കൊല്ലപ്പെട്ട ബിനോയിയുടെ ഗുണ്ടാസംഘത്തില്‍പ്പെട്ട അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നുപേരാണ് യുവാവിനെ വെട്ടിക്കൊന്നത്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റോഡരികില്‍ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികള്‍ ബിനോയിയുടെ മുഖം വികൃത
മാക്കി. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെ പിടികൂടുന്നതിന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചുവെന്നും എസ്പി അറിയിച്ചു. ബാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ബിനോയിയെ ആക്രമിച്ചത്. സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ ഒളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വിട്ടില്ല. മരണം ഉറപ്പാക്കുന്നതു വരെ അക്രമികള്‍ ബിനോയിയെ വെട്ടിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അത്താണി കേന്ദ്രീകരിച്ച് അത്താണി ബോയ്‌സ് എന്ന പേരില്‍ ഗുണ്ടാസംഘം ഉണ്ടാക്കുന്നതിന് ബിനോയാണ് നേതൃത്വം നല്‍കിയതെന്ന് പറയുന്നു. കുറച്ച് കാലമായി ഈ ഗ്രൂപ്പില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഒരാഴ്ചയായി ഇതു രൂക്ഷമായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
















