പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചുവടുമാറ്റം സ്വാഗതാര്‍ഹമെന്ന് ശബരിമല അയ്യപ്പ സേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍. എന്നാല്‍ അയ്യപ്പഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും മാറ്റം ആവശ്യമെങ്കില്‍ അത് വിശ്വാസി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ആചാര്യശ്രേഷ്ഠന്മാരുമായി ആലോചിച്ച് ചെയ്യേണ്ടതാണെന്ന അയ്യപ്പസേവാ സമാജത്തിന്റെ അഭിപ്രായം സുപ്രീം
കോടതി അംഗീകരിച്ചു. വിധിക്ക് ശേഷം ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ നടത്തിയ പരാമര്‍ശം അദ്ദേഹത്തിനുണ്ടായ നൈരാശ്യം വെളിവാക്കുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ആയിരക്കണക്കിന് അയ്യപ്പവിശ്വാസികളുടെ മേല്‍ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാജത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ 79 അയ്യപ്പ സേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചു. അടുത്ത വര്‍ഷം 125 കേന്ദ്രങ്ങളായി വര്‍ധിപ്പിക്കുമെന്നും രാജന്‍ പറഞ്ഞു. സമാജം സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, ജില്ലാ പ്രസിഡന്റ്ഇലന്തൂര്‍ ഹരിദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















