തിരുവനന്തപുരം: ചൂണ്ടയിടുന്നത് നിസാരകാര്യമല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള ചൂണ്ടയിടല്‍ മല്‍സരത്തിനു പിന്നിലെ രാഷ്‌ട്രീയത്തെകുറിച്ച് പരിഹസങ്ങളും വിവാദവും കൊഴുക്കുന്ന സന്ദര്‍ഭത്തിലാണ് റഹീം ന്യായീകരണവുമായി രംഗത്തുവന്നത്. ചൂണ്ടയിടുന്നവര്‍ കീഴളന്മാരായതുകൊണ്ട് സവര്‍ണ്ണന്മാരാണ് അവരുടെ തൊഴിലായ ചൂണ്ടയിടലിനെ പരിഹസിക്കുന്നതെന്നുമാണ് നേതാവിന്റെ ന്യായീകരണം. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിനു യോജിച്ച പ്രതീകമാണ് ചൂണ്ടയിടല്‍ മത്സരമെന്ന് വിവിധ രാഷ്‌ട്രീയ നേതാക്കളുള്‍പ്പടെയുള്ളവര് സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചു.
വിമര്‍ശനങ്ങള്‍ ഏറെ നേരിട്ടെങ്കിലും തങ്ങളുടെ ഇരകളെ ചൂണ്ടയിട്ടുപിടിക്കുന്ന കളി സംഘാടകര്‍ നടത്തുക തന്നെ ചെയ്തു. കൂടുതല്‍ മീനുകളെ രക്തസാക്ഷികളാക്കുന്നതില്‍ വിജയിച്ചത് പൊന്ന്യം സ്വദേശി എം അനീഷാണ്. മത്സരത്തില്‍ രണ്ട് കടുക്കാച്ചി മീനുകളെയാണ് ഇയാള്‍ പിടികൂടിയത്. ചൂണ്ടയും ഇരയും മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്ന് സംഘാടകര്‍ നോട്ടീസില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. പതിനൊന്നുപേരാണ് ചൂണ്ടയില്‍ ഇരയുമായെത്തിയത്. എന്നാല്‍ ആറുപേരുടെ ചൂണ്ടയില്‍ മാത്രമാണ് മീന്‍ കൊത്തിയത്. പിന്നീട് ഒരുമണിക്കുറിനു ശേഷമാണ് അനീഷിന്റെയും സുജേഷിന്റെയും ചൂണ്ടയില്‍ രണ്ടു കടുക്കാച്ചി മീനുകള്‍ വീതം കുടുങ്ങിയത്. മത്സരത്തില്‍ വലിയ ഇരയെ ചൂണ്ടയില്‍ കൊരുത്തെടുത്ത അനീഷ് വിജയിയാകുകയായിരുന്നു.
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രതീകാത്മകമായ പലപരിപാടികളും ഉണ്ടായിരുന്നു. കീഴാളന്റെ തൊഴിലിനെ പരിഹസിക്കുന്ന പി.സി.വിഷ്ണുനാഥും അനില്‍ അക്കരയും അടക്കമുള്ള പരിപാടിയെ വിമര്‍ശിക്കുന്ന എല്ലാനേതാക്കളെയും നയിക്കുന്നത് സവര്‍ണബോധമാണെന്നും എ.എ.റഹിം ന്യായീകരിച്ചു. രക്തസാക്ഷികളുടെ ചിത്രത്തിനു താഴെയായി എല്ലാ നാട്ടുകാര്‍ക്കും ചൂണ്ടയിടല്‍ മത്സരത്തിലേക്കു സ്നേഹം നിറഞ്ഞ സ്വാഗതം എന്നു കുറിക്കുന്ന നോട്ടീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
















