കതിരൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം വളരെയധികം ശ്രദ്ധനേടിയ ഒരു വര്‍ഷമാണ് ഇത്. കാരണം മറ്റോന്നുമല്ല, പരിപാടിയുടെ ഭാഗമായി ഡിവൈഎഫ്ഐ തയ്യില്‍മുക്ക് യൂണിറ്റ് സംഘടിപ്പിച്ച ചൂണ്ടയിടല്‍ മത്സരം തന്നെയാണ്. തയ്യില്‍മുക്ക് പുഴയില്‍ വച്ച് നടത്തിയ മത്സരത്തില്‍ 11 പേര്‍ പങ്കെടുത്തു.
ചൂണ്ടയും ഇരയുമായിട്ടാണ് മത്സരാര്‍ത്ഥികള്‍ വരേണ്ടതെന്ന് നോട്ടീസില്‍ അറിയിച്ചിരുന്നത് പ്രകാരം എത്തിയ 11 പേരില്‍, രണ്ട് കടുങ്ങാലി മീനുകളെ പിടിച്ച പൊന്ന്യം സ്വദേശി എം. അനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതേസമയം രണ്ടാം സ്ഥാനം ലഭിച്ച എം. സുജേഷിന് രണ്ടാം സ്ഥാനമായത് പിടിച്ച മീനുകളുടെ ഭാരം കുറവായതിനാലാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഒരു മണിക്കൂറിനുള്ളില്‍ ഇരുവരും രണ്ട് കടുങ്ങാലി മീനുകളെ പിടികൂടിയതോടെ മീനുകളുടെ ഭാരം നോക്കിയാണ് അനീഷിനെ വിജയിയായി തെരഞ്ഞെടുത്തത്. മത്സരത്തില്‍ പങ്കെടുത്തവരില്‍ ആറുപേരുടെ ചൂണ്ടയിലും മീന്‍ കുരുങ്ങിയപ്പോള്‍ അഞ്ച് പേരുടെ കാത്തിരിപ്പ് വെറുതെയാകുകയായിരുന്നു.
















