ഹരിപ്പാട്: സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം രാഷ്‌ട്രീയ മുതലെടുപ്പിന്. എരിയ്‌ക്കാവ് മാമൂട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ അരുണ (32)യെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി താല്‍ക്കാലിക ജീവനക്കാരിയായി ജോലിചെയ്ത് വരികയായിരുന്നു അരുണ.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സ്‌റ്റോക്കുണ്ടായിരുന്ന മരുന്നുകളിലും കുഴമ്പുകളിലും വ്യാപകമായ കൃത്രിമം നടത്തിയത് ഡോക്ടര്‍ കണ്ടുപിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ചില മെമ്പര്‍മാരും നാട്ടുകാരും ആശുപത്രിയിലെത്തി മരുന്നുപെട്ടികളില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ മിക്ക കുപ്പികളിലും വെള്ളം നിറച്ചതും കൃത്രിമം നിറഞ്ഞതുമായ മരുന്നുകുപ്പികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സമാനമായ സംഭവം നേരത്തെയും ആശുപത്രിയില്‍ ഉണ്ടായിട്ടുള്ളതായാണ് ആരോപണം.
സിപിഎം നേതാവിന്റെ ഉടമസ്ഥതയില്‍ പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയിലേക്കാണ് മരുന്നുകള്‍ പൊയ്‌ക്കൊണ്ടിരുന്നതെന്ന് നാട്ടുകാരും പഞ്ചായത്തംഗങ്ങളും ആരോപിക്കുന്നു. എന്നാല്‍ യുവതി ആത്മഹത്യ ചെയ്തതോടെ സിപിഎം സ്വയംപ്രതിരോധവുമായി രംഗത്തെത്തുകയും യുവതിയുടെ മരണംവച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആക്ഷേപമുണ്ട്.
ആത്മഹത്യ ചെയ്ത യുവതി നിരപരാധിയാണെന്നും സിപിഎം രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ആശുപത്രിയില്‍ നിന്നും മരുന്ന് കടത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.
കണ്ണൂര്‍ തലശേരി കടിയൂര്‍ പ്രവര്‍ത്തിക്കുന്ന പാട്ട്യംസ് ആയുര്‍വേദ ഫാര്‍മസി എന്ന സോഷ്യല്‍ സര്‍വീസ് സൊസൈറ്റി തയാറാക്കുന്ന മരുന്നുകളായിരുന്നു ഇവിടെ രോഗികള്‍ക്ക് കൊടുത്തിരുന്നത്. യുവതി ആത്മഹത്യ ചെയ്യുമ്പോള്‍ ഇരുപത്തിയഞ്ചോളം പെട്ടി മരുന്നുകള്‍ ആശുപത്രിയില്‍ സ്‌റ്റോക്കുണ്ടായിരുന്നു. ഒരു കുപ്പിയില്‍ 750 മില്ലി വീതം മരുന്നുള്ള 24 കുപ്പികളാണ് സീല്‍ ചെയ്ത് അയയ്‌ക്കുന്നത്. എന്നാല്‍ ഇതില്‍ ഓരോന്നും പൊട്ടിക്കുമ്പോള്‍ വെള്ളം നിറച്ച കുപ്പികളാണ് കണ്ടെത്തിയത്. തലശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആയുര്‍വേദ ഫാര്‍മസി സിപിഎമ്മിന്റെ ഭരണസമിതിയിലുള്ളതാണെന്നും പറയപ്പെടുന്നു. ഈ കമ്പനിയെപ്പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നു.
മുന്‍കാലങ്ങളില്‍ ഔഷധിയുടെ ഉടമസ്ഥതയിലുള്ള ഗുണനിലവാരമുള്ള മരുന്നുകളായിരുന്നു ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ രോഗികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത കമ്പനിയുടെ മരുന്നുകളാണ് ആയുര്‍വേദ ആശുപത്രിയില്‍ വിതരണം ചെയ്യുന്നത്.
















