കോഴിക്കോട്: നഗര മാവോയിസ്റ്റുകളായ അലന്റെയും താഹയുടെയും കൂടുതല്‍ ബന്ധങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ സംഘം പോലീസിനോട് ആവശ്യപ്പെട്ടു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി എന്‍ഐഎ അംഗീകരിച്ചു. കേസില്‍ എന്‍ഐഎയുടെ ഇടപെടല്‍ ഉണ്ടായതോടെ കൂടുതല്‍ ജാഗ്രതയോടെയാണ് കേരള പോലീസ് മുന്നോട്ട് നീങ്ങുന്നത്. അറസ്റ്റിലായ അലന്റെയും താഹയും ആരൊക്കെയായി ബന്ധപ്പെട്ടുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇവര്‍ക്ക് മാധ്യമ പ്രവര്‍ത്തകരുടെ അടക്കമുള്ള പിന്തുണ എങ്ങനെ കിട്ടിയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിച്ചശേഷം ജാമ്യാപേക്ഷ പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. എന്‍ഐഎ സംഘം അലനെയും താഹയെയും ചോദ്യം ചെയ്തതോടെ ഇവരെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഈ മാസം 30വരെയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. പ്രോസിക്യൂഷന്‍ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. കോഴിക്കോട് ജില്ലാ ജയിലിലേക്കായിരിക്കും ഇരുവരെയും അയക്കുക.
യുഎപിഎ കേസിലെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. അലന്റെയും താഹയെയും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ ഉസ്മാന്‍ ആണെന്നാണ് പോലീസ് പറയുന്നത്. നിരവധി കേസുകളിലെ പ്രതിയാണ് ഉസ്മാനെന്നും ംപാലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് കീഴില്‍ ഉസ്മാനെതിരെ യുഎപിഎ കേസുമുണ്ട്.
യുഎപിഎ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകരായ അലനും താഹയും നഗര മാവോയിസ്റ്റുകളെന്ന് എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യിലില്‍ സമ്മതിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് തുടക്കത്തില്‍ നിസഹകരിച്ചെങ്കിലും അലനും താഹയും നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി എന്‍ഐഎ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും മാവോയിസ്റ്റു ബന്ധം തുറന്നുസമ്മതിച്ചത്. ഇവരുടെ പെന്‍ഡ്രൈവില്‍ നിന്നും മെമ്മറി കാര്‍ഡില്‍ നിന്നും മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന നിര്‍ണായക രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്‍ഐഎ സംഘവും കേന്ദ്ര ഇന്റലിജെന്‍സ് വിഭാഗവും ഇരുവരെയും ചോദ്യം ചെയ്തു. കേരളത്തിലെ നഗര മാവോയിസ്റ്റുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഇന്റലിജെന്‍സ് വിഭാഗം വ്യക്തമാക്കി.
















