ആലപ്പുഴ: തീരദേശം കൈയടക്കി റിസോര്‍ട്ട് മാഫിയ വേരുറപ്പിക്കുന്നത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി. തീരം കൈയേറി തങ്ങളുടെ സാമ്രാജ്യം വിപുലപ്പെടുത്തിയെടുക്കുന്നത് മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ മേഖലയ്‌ക്കും സ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാവുകയാണ്. ജില്ലയിലെ തീരപ്രദേശങ്ങള്‍ ഇവരുടെ സ്വാധീനം ശക്തമാണെന്നാണ് ഫിഷറീസ് വകുപ്പും വ്യക്തമാക്കുന്നത്.
ആലപ്പുഴ നഗരം മുതല്‍ വടക്കോട്ടുള്ള തീരത്താണ് ടൂറിസം മാഫിയ തീരം കയ്യടക്കുന്നത്. വിനോദസഞ്ചാര വ്യവസായത്തിന്റെ മറവില്‍ സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് പുലിമുട്ടോടെയുള്ള കടല്‍ഭിത്തി ഉള്‍പ്പെടെ പൊളിച്ചു മാറ്റിയിട്ടും അധികൃതര്‍ കാഴ്ചക്കാരാണ്. മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകളും പിടിച്ചിടുന്ന സ്ഥലത്ത് വിദേശികള്‍ക്കായി കുടകളും റിസോര്‍ട്ട് അധികൃതര്‍ സ്ഥാപിച്ചു കഴിഞ്ഞു.
കടല്‍ഭിത്തി റിസോര്‍ട്ട് അധികൃതര്‍ തകര്‍ത്തത് മൂലം തീരം ഭീതിയിലാണ്. കടല്‍ക്ഷോഭം രൂക്ഷമായാല്‍ തടയാന്‍ വേറെ സംവിധാനങ്ങള്‍ ഇല്ലാത്തത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്‌ത്തുന്നു. സര്‍ക്കാര്‍ അധീനതയിലുള്ള വലിയ അളവിലുള്ള ഭൂമി റിസോര്‍ട്ട് മാഫിയകള്‍ കയ്യടക്കിവച്ചിരിക്കുകയാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.നൂറുകണക്കിനു മത്സ്യത്തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ഓമനപുഴ തീരം പൂര്‍ണമായും വന്‍കിട കോര്‍പ്പറേറ്റുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് മാഫിയകളുടെ കൈകളിലായി കഴിഞ്ഞെന്നാണ് പരാതി.
കയ്യേറ്റം നടത്തുന്നതിന് ചില ഉദ്യോഗസ്ഥര്‍ കുടപിടിക്കുന്നതാണ് ഓമനപ്പുഴയെ ഈ അവസ്ഥയിലെത്തിക്കാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടല്‍ക്ഷോഭം ഏതുനേരവും പ്രതീക്ഷിക്കാവുന്ന സാഹചര്യത്തില്‍ അടിയന്തരമായി കടല്‍ഭിത്തി പുനര്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.
















