ഉദുമ: കാസർകോട് ജില്ലയിലും സംസ്ഥാനത്തും സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തില്‍ വന്‍ വെട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. വിദ്യാര്‍ഥികളുടെ സുഗമമായ പഠനത്തിന് ആരോഗ്യദായകമായ ഉച്ചഭക്ഷണം നല്‍കണമെന്ന സര്‍ക്കാരുകളുടെ തീരുമാനപ്രകാരമാണ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ ചില പിടിഎകളും സ്‌കൂള്‍ അധികൃതരും ഇവയില്‍ വെട്ടിപ്പ് നടത്തുകയാണ് ചെയ്യുന്നത്. ഇതിനെതിരേ സമഗ്രമായ അന്വേഷണം വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.
സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തിന്റെ മുഴുവന്‍ തുകയും നല്‍കുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ്. രണ്ട്തരം കറിയും ചോറും ഉച്ചയ്‌ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതില്‍കൂടുതല്‍ വിഭവങ്ങള്‍ നല്‍കാന്‍ പിടിഎയ്‌ക്കും ഭക്ഷണ കമ്മറ്റിക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ ഒരു ദിവസം മുട്ടയും രണ്ട് ദിവസം പാലും നല്‍കണം. കൂടാതെ കറികളില്‍ പയര്‍ വിഭവങ്ങളും ഇലക്കറികളും നിര്‍ബന്ധമാണ്. എന്നാല്‍ മിക്ക സ്‌കൂളുകളിലും ഈ ക്രമം പാലിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്. പലയിടത്തും പപ്പായ കറിയും ചോറും പതിവായി നല്‍കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ചിലയിടങ്ങളില്‍ തലേദിവസം മിച്ചം വന്ന കറികള്‍ പിറ്റേ ദിവസം ചൂടാക്കി നല്‍കുന്നതായും പറയപ്പെടുന്നുണ്ട്. അതാത് ദിവസത്തെ ഭക്ഷണ ഇനങ്ങള്‍ സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പതിക്കണം എന്നാണ് നിര്‍ദ്ദേശമെങ്കിലും മിക്ക സ്‌കൂളുകളിലും ഇത് പാലിക്കാറില്ല. അതേസമയം കുട്ടികള്‍ക്ക് നല്‍കാത്ത വിഭവങ്ങളുടെ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ച് ഇതിന്റെ തുക എഴുതി വാങ്ങി മറ്റ് കാര്യങ്ങള്‍ക്ക് ചെലവഴിക്കുകയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
















