ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, ഇന്ത്യന്‍ ജുഡീഷ്യറിയുടെ അതികായനായ രാം ജെത്മലാനി എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാകും സമ്മേളനം ആരംഭിക്കുക.
അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ലോക്സഭയും രാജ്യസഭയും രാവിലെ ഏതാനും മണിക്കൂര്‍ മാറ്റിവച്ചേക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഞായറാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 24 ന് ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചത്.
ആഗസ്ത് ആറിന് ആയിരുന്നു മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുഷമാ സ്വരാജിന്റെ അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. ഇന്ത്യന്‍ ജുഡീഷ്യറിയുടെ അതികായനായ രാം ജെത്മലാനി സപ്തംബര്‍ എട്ടിന് അന്തരിച്ചു. ദല്‍ഹിയിലെ സ്വവസതയില്‍ വച്ച് അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു മരണം.
ഒക്ടോബര്‍ 31 ന് അന്തരിച്ച ഇരുസഭകളുടെയും മുന്‍ അംഗമായ ഗുരുദാസ് ദാസ് ഗുപ്തയ്‌ക്കും പാര്‍ലമെന്റ് ആദരാഞ്ജലി അര്‍പ്പിക്കും. പാര്‍ലമെന്ററി ആചാരമനുസരിച്ച്, ഒരു സിറ്റിംഗ് അംഗം മരിച്ചാല്‍, സഭ മുഴുവന്‍ മണിക്കൂറുകള്‍ക്കും, അല്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ മാറ്റിവെയ്‌ക്കും എന്നാല്‍ മൂന്നുപേരും കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റിലെ പ്രമുഖരും ആയതിനാല്‍ ഇരുസഭകളും രാവിലെ ഏതാനും മണിക്കൂറുകള്‍ മാറ്റിവച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ഉച്ചക്ക് ശേഷം സമ്മേളനം പുനരാരംഭിച്ചേക്കും.
















