തിരുവനന്തപുരം: വൃശ്ചിക പുലരിയില്‍ അയ്യപ്പഭക്തര്‍ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം ആശംസകള്‍ അറിയിച്ചത്. ‘ആചാരങ്ങള്‍ പാലിച്ച് വിശ്വാസങ്ങള്‍ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങള്‍ക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി…’ ഏവര്‍ക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഭക്ത ലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമാകുന്ന മണ്ഡലകാല തീര്‍ഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്നലെ വൈകിട്ടാണ് തുറന്നത്. സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം തീര്‍ഥാടകരെ പ്രവേശിപ്പിച്ചു. സന്നിധാനത്ത് ഇന്നലെത്തന്നെ വന്‍ തിരക്കായിരുന്നു. സന്നിധാനത്ത് പുതിയ മേല്‍ശാന്തിയായി മലപ്പുറം തിരൂര്‍ തിരുനാവായ അരീക്കര മനയില്‍ എ.കെ.സുധീര്‍ നമ്പൂതിരി സ്ഥാനമേറ്റു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് കാര്‍മികത്വം വഹിച്ചു. വൃശ്ചികപ്പുലരിയില്‍ സുധീര്‍ നമ്പൂതിരിയാണ് രാവിലെ നട തുറന്നത്. ഇന്നു മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നിനു നട തുറന്നാല്‍ ഉച്ചയ്‌ക്ക് ഒന്നിനേ അടയ്‌ക്കൂ. വൈകിട്ട് മൂന്നിനു വീണ്ടും തുറക്കും. രാത്രി 11 വരെ ദര്‍ശനം.
















