നാലാം അദ്ധ്യായം
നാല് പാദങ്ങളിലായി 38 അധികരണങ്ങളിലായി
78 സൂത്രങ്ങളുണ്ട്.
ഒന്നാം പാദം
ഇതില്‍ 14 അധികരണങ്ങളും 19 സൂത്രങ്ങളുമുണ്ട്.
ആവൃത്ത്യധികരണം
ഇതില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്.
സൂത്രം- ആവൃത്തിരസകൃദുപദേശാത്
ആവര്‍ത്തനം വീണ്ടും വീണ്ടും ചെയ്യുന്നത് പല തവണ ചെയ്യേണ്ടതാണ് എന്ന് ശ്രുതി ഉപദേശിച്ചിട്ടള്ളതിനാലാണ്.
ശ്രവണമനന നിദിധ്യാസനങ്ങള്‍ ഒരു തവണ ചെയ്താല്‍ മതിയോ വീണ്ടും വീണ്ടും ചെയ്യണോ എന്നാണ് സംശയം.
വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ചെയ്യണമെന്ന് സിദ്ധാന്ത പക്ഷം പറയുന്നു.ശ്രുതിയില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുന്നതിനാലാണിത്.
ഉപാസനയെപറ്റി പല ശ്രുതികളിലും ഒട്ടേറെ തവണ ആവര്‍ത്തിക്കുന്നുണ്ട്. ബൃഹദാരണ്യകത്തില്‍ ‘ആത്മാവാ അരേ ദ്രഷ്ട വ്യഃ ശ്രോതവ്യോ മന്തവ്യോ നിദിധ്യാസിതവ്യഃ എന്നും തമേവ ധീരോ വിജ്ഞായ പ്രജ്ഞാം കുര്‍വീത എന്നും ഛാന്ദോഗ്യത്തില്‍ സോ/ന്വഷ്ടവ്യഃ സ വിജിജ്ഞാസിതവ്യഃ എന്നും പറയുന്നു.
സാക്ഷാത്കാരം നേടുംവരെ ഉപാസന വേണമെന്ന് ശ്രുതി ഇങ്ങനെ ആവര്‍ത്തിച്ചു ഉപദേശിക്കുന്നുണ്ട്.
സൂത്രം – ലിംഗാച്ച
തെളിവുകളുള്ളതിനാല്‍ ഫലസിദ്ധി നേടും സാധകന് ഉപാസനയെ ആവര്‍ത്തിച്ച് ചെയ്യണമെന്ന് ഉള്ളതിന് പല തെളിവുകളും ശ്രുതികളിലും സ്മൃതികളിലും കാണാം.
ഒറ്റത്തവണ കേട്ടതുകൊണ്ട് മാത്രം ആര്‍ക്കും വ്യക്തമായ ബോധമോ അനുഭവമോ ഉണ്ടാകില്ല. അതിനാല്‍ ഫലസിദ്ധി ഉണ്ടാകും വരെ സാധനകള്‍ ആവര്ത്തിക്കണമെന്നതിന്റെ തെളിവാണ് ഛാന്ദോഗ്യത്തില്‍ ശ്വേതകേതുവിന് 9 തവണ ‘തത്ത്വമസി’ മഹാവാക്യത്തെ ഉപദേശിക്കുന്നുണ്ട്.
ഭഗവദ് ഗീതയില്‍ ഭഗവാന് തസ്മാത് സര്‍വേഷു കാലേഷു മാമനുസ്മര എല്ലാ സമയത്തും എന്നെ സ്മരിക്കൂ എന്ന് ഉപദേശിക്കുന്നുണ്ട്. ഇതില്‍ ആവര്‍ത്തിക്കണമെന്ന് മാത്രമല്ല എപ്പോഴും സ്മരിക്കണമെന്ന് വ്യക്തമാക്കുന്നു. ഉപാസനയില്‍ നിന്നും മനസ്സ് മറ്റ് വിഷയങ്ങളിലേക്ക് പോകരുതെന്ന് കൂടിയാണ്. ഫലസിദ്ധി ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ഈ ആവര്‍ത്തനം ആവശ്യമില്ല എന്നും സ്മൃതിപറയുന്നു.
ഭഗവദ് ഗീതയില്‍ യ സ്ത്വാത്മരതിരേവ സ്യാത് ആത്മ തൃപ്തശ്ച മാനവഃ ആത്മന്യേവച സന്തുഷ്ടഃ തസ്യ കാര്യം ന വിദ്യതേ ആത്മാവില്‍ തന്നെ രതിയും തൃപ്തിയും സന്തോഷവുമുള്ളയാള്ക്ക് പിന്നെ ഒന്നും ചെയ്യാനില്ല എന്ന് ഉറപ്പാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: