ഉത്തരാഖണ്ഡിലെ ഗര്‍വാളിലാണ് യമുനാനദിയുടെ പ്രഭവസ്ഥാനമായ യമുനോത്രി. സമുദ്രനിരപ്പില്‍ നിന്ന് 3293 മീറ്റര്‍ ഉയരത്തില്‍ ഹിമാലയന്‍ മലനിരകളിലുള്ള യമുനോത്രി, ഛോട്ടാ ചാര്‍ധാമുകളിലൊന്നാണ്. സൂര്യപുത്രിയാണ് യമുന. യമദേവന്റെ സഹോദരി. യമിയെന്ന മറ്റൊരു പേരുകൂടിയുണ്ട്. ഗംഗയിലെന്നതു പോലെ യമുനയില്‍ സ്‌നാനം ചെയ്യുമ്പോഴും പാപങ്ങളകലുമെന്നാണ് വിശ്വാസം. കാളിന്ദിപര്‍വത്തില്‍ നിന്ന് ഉത്ഭവിക്കുന്നതിനാല്‍ കാളിന്ദിയെന്നും യമുനാനദി അറിയപ്പെടുന്നു.
കാളിന്ദി പര്‍വതത്തിന്റെ താഴ്‌വരയില്‍ യമുനാനദിക്കരയിലാണ് യമുനോത്രി ക്ഷേത്രം. കറുത്തമാര്‍ബിള്‍ ശിലയിലാണ് ദേവീ പ്രതിഷ്ഠ. തൊട്ടരികെ വെളുത്ത മാര്‍ബിള്‍ ശിലയില്‍ ഗംഗാദേവിയും വാഴുന്നു. ലങ്കാദഹനം കഴിഞ്ഞ് ഹനുമാന്‍ വാലിലെ തീ കെടുത്താനെത്തിയ ബന്ദേര്‍ പൂഞ്ജ് യമുനോത്രി ക്ഷേത്രത്തിനു സമീപമാണ്. ശൈത്യകാലമാകുന്നതോടെ ക്ഷേത്രമടയ്‌ക്കും. ദീപാവലി കഴിഞ്ഞ് രണ്ടാം നാളിലാണിത്. വിഗ്രഹങ്ങള്‍ അന്ന് പല്ലക്കില്‍ എഴുന്നള്ളിച്ച് ഖര്‍സാലി ഗ്രാമത്തിലേക്ക് കൊണ്ടു പോകും. പിന്നീട്, ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തിലെത്തുന്ന അക്ഷയതൃതീയയ്‌ക്കാണ് തിരിച്ചെഴുന്നള്ളത്ത്. ശൈത്യത്തില്‍ നടയടയ്‌ക്കുന്നതും മാസങ്ങള്‍ കഴിഞ്ഞ് നടതുറക്കുന്നതും ജനസഹസ്രങ്ങള്‍ പങ്കെടുക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങാണ്.
















