ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി. സാമ്പത്തിക ഇടപാടില്‍ ചിദംബരത്തിന് പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
മുന്‍ കേന്ദ്ര മന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റും കോടതിയെ അറിയിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് കോടതിയുടെ ഈ നടപടി.
അതേസമയം അറസ്റ്റ് രാഷ്‌ട്രീയ പകപോക്കലാണെന്നും പൊതുസമൂഹത്തിലുള്ള വില ഇടിക്കാനാണെന്നുമാണ് ചിദംബരത്തിന്റെ വാദം. ആരോഗ്യപ്രശ്നങ്ങള്‍ വ്യക്തമാക്കി ഇടക്കാല ജാമ്യം വേണമെന്ന ചിദംബരത്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ നിരസിച്ചിരുന്നു.
2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെയാണ് ഐഎന്‍എക്സ് മീഡിയയ്‌ക്കു വേണ്ടി വിദേശഫണ്ട് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) അനുമതി നിയമവിരുദ്ധമായി നല്‍കുകയായിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
















