ബ്രസീല്‍: മുന്‍നിശ്ചയിച്ച സമയത്തു തന്നെ എസ്-400 മിസൈലുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ചൈനയ്‌ക്കെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായാണ് ഇന്ത്യ റഷ്യയില്‍ നിന്നും എസ് -400 മിസൈലുകള്‍ വാങ്ങിക്കുന്നത്. ബ്രസീലില്‍ നടന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുടിന്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എസ്- 400 മിസൈലുകളെ സംബന്ധിച്ചുള്ള കരാറില്‍ ഇന്ത്യയും- റഷ്യയും ഒപ്പുവെച്ചത്. 2024ല്‍ മുഴുവന്‍ എസ്- 400 മിസൈലുകളും ഇന്ത്യയിലെത്തിക്കും. ഇതിനു മുന്നോടിയായി 18 മാസത്തിനുള്ളില്‍ ആദ്യ എസ്- 400 മിസൈല്‍ രാജ്യത്തെത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.
1990കളില്‍ റഷ്യയുടെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോ എസ് -300 കുടുംബത്തില്‍ നിന്ന് പുതിയതായി വികസിപ്പിച്ചെടുത്ത ആന്‍റി എയര്‍ക്രാഫ്റ്റ് ആയുധ സംവിധാനമാണ് എസ് -300 പിഎംയു-3 എന്നറിയപെടുന്ന എസ്- 400 ട്രയംഫ്.
2007 മുതല്‍ ഇത് റഷ്യന്‍ സായുധ സേനയുടെ ഭാഗമായിട്ടുണ്ട്. 2017 ല്‍ എസ് – 400നെ വിദേശമാധ്യമങ്ങള്‍ ‘നിലവില്‍ നിര്‍മിച്ച ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ്’ വിശേഷിപ്പിച്ചത്. ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ് -400 എന്ന് സിപ്രിയിലെ(ടകജഞക) സീനിയര്‍ ഗവേഷകനായ സീമോന്‍ വെസ്മാന്‍ പറഞ്ഞു.
















