ന്യൂദല്‍ഹി: രാജ്യം ഉറ്റുനോക്കിക്കൊണ്ടിരുന്ന ചരിത്രപ്രധാനമായ കേസുകളില്‍ വിധി പ്രസ്താവന നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ശനിയാഴ്ച വിരമിക്കും. സുപ്രീം കോടതിയിലെ അദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമാണ് ഇന്ന്.
അവസാന പ്രവൃത്തി ദിനമായ ഇന്ന് വൈകുന്നേരം ഗോഗോയ്ക്ക് സുപ്രീംകോടതി അങ്കണത്തില്‍ ഔദ്യോഗിക യാത്രയയപ്പ് നല്‍കും. ഭാരതത്തിലെ ഏറ്റവും പഴക്കമേറിയ അയോധ്യ രാമജന്മഭൂമി കേസിലും ഗോഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.
തുടര്‍ന്ന് നിരവധി ശ്രദ്ധേയമായ വിധികളും ഇദ്ദേഹത്തിന്റെ കാലയളവില്‍ പുറപെടുവിച്ചിട്ടുണ്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഏഴംഗ വിശാല ബഞ്ചിന് വിട്ടതും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നതും റഫേല്‍ ഇടപാടില്‍ അഴിമതിയില്ലെന്ന കണ്ടെത്തല്‍ നടത്തിയതും അദ്ദേഹം അദ്ധ്യക്ഷനായ ബെഞ്ചാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് രഞ്ജന്‍ ഗോഗോയ് നാല്പത്തിയാറാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റത്. ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ പുതിയ ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച ചുമതലയേല്‍ക്കും.
















