തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ പുതിയ തീരുമാനം എത്തിയതോടെ വെല്ലുവിളികളില്‍ മലക്കംമറിഞ്ഞ് മന്ത്രി എംഎം മണി. വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയില്‍ പോകാറില്ലന്നും. അല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാട് എടുക്കുമെന്നും അദേഹം പറഞ്ഞു.
അതേസമയം, ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന വിധിയുടെ മറവില്‍ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
യുവതികള്‍ ശബരിമലയില്‍ കയറാന്‍ വന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ് മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു. വിധി പുനഃപരിശോധിക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ശബരിമല ക്ഷേത്രത്തില്‍ നേരത്തെ ഉണ്ടായിരുന്ന ആചാരം തുടരുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു. പുന പരിശോധന വിധിയുടെ അര്‍ത്ഥം മുന്‍പുണ്ടായ വിധിക്ക് അപാകതയുണ്ടെന്നാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈകടത്തരുത്. മുന്‍പുണ്ടായിരുന്ന സ്ഥിതി തുടരണമെന്നും കുമ്മനം ആവര്‍ത്തിച്ചു.
















