തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധിയിലെ പുന: പരിശോധന ഹര്‍ജി സംബന്ധിച്ച കാര്യങ്ങള്‍ വിശാല ബെഞ്ചിലേക്ക് വിട്ടതില്‍ ആശയക്കുഴപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി സംബന്ധിച്ചു കൂടുതല്‍ വ്യക്തത വേണം. ഇതിനായി മുതിര്‍ന്ന നിയമജ്ഞരുടെ ഉപദേശം തേടും. വിധിയില്‍ സ്റ്റേ ഇല്ല എന്നാണ് മനസിലാക്കുന്നത്. എന്നാല്‍, വിശാല ബെഞ്ചിലേക്ക് കാര്യങ്ങള്‍ വിടുമ്പോള്‍ നിലവിലെ വിധി എത്തരത്തില്‍ നടപ്പാക്കും എന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടി വരും.
വിധി എന്തായാലും നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഇനിയും സമയമുണ്ടല്ലോ, വിധിയുടെ വിശദാംശം പരിശോധിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിധി വന്ന ശേഷം നാമജപം ഒക്കെ നടക്കുന്നുണ്ട് എന്ന ചോദ്യത്തിന്, അതു നടക്കട്ടെ അതിനു വേണ്ടി നടക്കുന്നവര്‍ ഉണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
















