തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടേയും പ്രമേഹ രോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാനാന്‍ പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രമേഹ തലസ്ഥാനമാണ് കേരളം എന്ന പേര് മാറ്റിയെടുക്കാനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ധിച്ചു വരികയാണ്. ജീവിത ശൈലിയില്‍ മാറ്റം വരുത്തി ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രണ വിധേയമാക്കാമെന്നും മന്ത്രി വ്യക്തമാക്കി. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് സംഘടിപ്പിച്ച പ്രമേഹ ദിനാചരണ പരിപാടി തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖല നേരിടുന്ന ശക്തമായ വെല്ലുവിളികളില്‍ ഒന്നാണ് ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുക എന്നത്. ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിന് ഭക്ഷണത്തിന് വലിയ പങ്കാണുള്ളത്. പ്രമേഹം ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാറുണ്ട്. അതിനാല്‍ ആരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ജീവിത ശൈലീ രോഗങ്ങള്‍ തുടക്കത്തിലേ കണ്ടുപിടിക്കാനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ടി.ബി. രോഗികള്‍ക്കായുള്ള സൗജന്യ ഇന്‍സുലിന്‍ കിറ്റ് വിതരണം മന്ത്രി നിര്‍വഹിച്ചു. ഇതോടൊപ്പം ക്ഷയരോഗികള്‍ക്കുള്ള കൈപുസ്തകം, ജീവിതശൈലീ രോഗനിയന്ത്രണം ഭക്ഷണത്തിലൂടെ, പാദസ്പര്‍ശം, പഞ്ചാരിക്കൂട്ടം തുടങ്ങിയവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
നഗരസഭാ മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് ഡയറക്ടര്‍ ഡോ. പി.കെ. ജബ്ബാര്‍, എന്‍.സി.ഡി. സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
കൂട്ട നടത്തം, മെഗാ ക്യാമ്പ്, പ്രമേഹ രോഗ ചികിത്സാ രംഗത്തെ പ്രമുഖ ഡോക്ടര്‍മാരുടെ ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിവിധ സൗജന്യ പരിശോധനകളും ഭക്ഷണക്രമത്തെപ്പറ്റി പ്രത്യേക കൗണ്‍സിലിംഗും ക്യാമ്പില്‍ ലഭ്യമാക്കി. ഡോ. ബിപിന്‍ ഗോപാല്‍, ഡോ. ജയന്‍, ഡോ. ജോര്‍ജ് കോശി, ഡോ. മനു എം.എസ്., ഡോ. അരുണ്‍ ബി.നായര്‍ എന്നിവര്‍ ക്ലാസുകളെടുത്തു.
















