ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി ഏഴംഗ ബഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടതോടെ കോടതി പരിസരത്ത് പ്രാര്‍ത്ഥനയുമായി അയ്യപ്പ വിശ്വാസികള്‍. നേരത്തെ പ്രഖ്യാപിച്ച യുവതി പ്രവേശന വിധിയില്‍ പിശുകുണ്ടെന്നും തിരുത്തലുകള്‍ ആവശ്യമുണ്ടെന്നും സുപ്രിം കോടതി തത്വത്തില്‍ സമ്മതിച്ചാതായാണ് വിശ്വസികളുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് കോടതിക്ക് വെളിയില്‍ അയ്യപ്പ വിശ്വാസികള്‍ ആഹ്ലാദപ്രകടനം നടത്തി.
ഏഴംഗ ബഞ്ചിന് കേസ് വിട്ട തീരുമാനം പുറത്ത് വന്നതിന് പിന്നാലെ സുപ്രിം കോടതിയിലും അയ്യപ്പ നാമജപം മുഴങ്ങി. ശരണം വിളികളോടെയാണ് ഹര്‍ജിക്കാരും സുപ്രിം കോടതിയില്‍ വിധി കേള്‍ക്കാനെത്തിയവരും വിധിയോട് പ്രതികരിച്ചത്.വിധി പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്ത് അയ്യപ്പ ഭക്തര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുകയാണ്. പലയിടത്തും മധുരവിതരണവും നടത്തുന്നുണ്ട്.
അതേസമയം, ശബരിമല വിധി ഏഴംഗ ഭരണഘടനാ ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം. ഇന്ത്യയിലെ മുസ്ലീം ജനവിഭാഗങ്ങളെ കൂടി ബന്ധപ്പെടുത്തുന്ന രീതിയില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെടുമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മ പറഞ്ഞു. നിലവിലെ വിധി ഭംഗ്യന്തരേണ സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ ഇനി വിശാല ബഞ്ച് പരിഗണിക്കുക. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവും സമാനമായ എല്ലാ ഹര്‍ജികളും വിശാല ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
അഞ്ചംഗ ബെഞ്ചില്‍ മൂന്നംഗങ്ങള്‍ മാത്രമാണ് ഹര്‍ജി ഏഴംഗ ബെഞ്ചിന് വിടാന്‍ അനുകൂല തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ നിലപാട് ആണ് ഹര്‍ജികളില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ ജസ്റ്റിസ് റോഹിംഗന്‍ നരിമാനും, ഡി.വൈ ചന്ദ്രചൂഡും പുനപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിടുന്നതിനെ എതിര്‍ക്കുകയും ചെയ്തു.
















