ന്യൂദല്‍ഹി: റാഫേല്‍ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് വിധി. ഇടപാടില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു അഴിമതിയും ഉണ്ടായിട്ടില്ലെന്ന വിധി കോടതി ശരിവച്ചു.
കരാറില്‍ അഴിമതിയില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്‍കിയ 2018 ഡിസംബറിലെ വിധിക്കെതിരേയാണ് പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്. മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. മെയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവയ്‌ക്കുകയായിരുന്നു.
ഡിസംബര്‍ 14 നാണ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്‍കിയത്. ഫ്രാന്‍സില്‍ നിന്നും 36 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നും ഇതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേസ്. എന്നാല്‍ ഈ ആരോപണമെല്ലാം തള്ളികൊണ്ടായിരുന്നു സുപ്രീം കോടതി വിധി. തേസമയം മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. മറച്ചുവെച്ച വിവരങ്ങള്‍ സുപ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.മോഷണം നടത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുനപരിശോധന ഹര്‍ജി നല്‍കിയതെന്നും അതുകൊണ്ട് പരിഗണിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല.
















