ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൗക്കീദാര്‍ ചോര്‍ഹെ എന്ന് വിളിച്ച കോടതിയലക്ഷ്യക്കേസിലും നാളെ സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസിലും വിധി പ്രസ്താവന നടത്തുന്നത്.
17ന് വിരമിക്കുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് വാദം കേട്ട കേസുകളില്‍ ഈ ആഴ്‌ച്ചയിലെ അവസാന പ്രവര്‍ത്തി ദിനങ്ങളായ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നിര്‍ണ്ണായകമായ പല കേസുകളിലും വിധി പ്രസ്താവന പുറത്തുവരാനുണ്ട്. വ്യാഴാഴ്ച ശബരിമല, റഫാല്‍ പുനപരിശോധനാ ഹര്‍ജിയിലും സുപ്രീംകോടതി ഉത്തരവിടും. അയോധ്യ കേസ് പോലെ തന്നെ ഏറെ പ്രാധാന്യം നല്‍കുന്ന കേസാണ് രണ്ടും. അതിനു പിന്നാലെയാണ് രാഹുലിന് എതിരായ അപകീര്‍ത്തിപ്പെടുത്തല്‍ കേസും പരിഗണിക്കുന്നത്.
റഫാല്‍ കേസില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് ആദ്യം ക്ലീന്‍ചിറ്റ് നല്‍കിയതാണ്. ഈ വിഷയത്തെ പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി ചൗക്കീദാര്‍ ചോര്‍ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന് പ്രസ്താവന നടത്തിയതിനാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപി എംപി മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ കേസ് സമര്‍പ്പിച്ചത്.
അതിനിടെ കേസില്‍ രാഹുല്‍ മാപ്പ് പറഞ്ഞെന്നും കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുലിനു വേണ്ടി ഹാജരായ അഭിഷേക് സിങ്വി കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ മാപ്പപേക്ഷ തള്ളിക്കളഞ്ഞ് നടപടിയെടുക്കണമെന്ന് ഹര്‍ജിക്കാരിക്കു വേണ്ടി മുകുള്‍ റോഹ്തഗി സുപ്രീംകോടതിയില്‍ അറിയിക്കുകയായിരുന്നു.
















