തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ നടത്തിയ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹോട്ടലിന് കത്ത് നല്‍കിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയെ സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിനെയാണ് റൂറല്‍ ക്രൈം ഡിറ്റാച്‌മെന്റ് സെല്ലിലേക്ക് സ്ഥലം മാറ്റിയത്.
സംസ്ഥാന തലസ്ഥാനത്ത് വീണ്ടും ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ സജീവമായി വരുന്നതിന്റെ തെളിവാണ് ഗുണ്ടാസംഘങ്ങള്‍ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടത്തിയ ഒത്തുചേരല്‍. ഇതിന് പിന്നാലെ പല ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി. എന്നാല്‍, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ തേടി ഗുണ്ടാസംഘങ്ങളെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട എസ്‌പിയെയാണ് ഇപ്പോള്‍ സ്ഥലമാറ്റിയിരിക്കുന്നത്. ഇത് സേനക്കുമേലെയുള്ള ഗുണ്ടാസംഘങ്ങളുടെ പിടിയായാണ് വ്യക്തമാക്കുന്നത്.
രാഷ്‌ട്രീയ സ്വാധീനമുള്ള ഗുണ്ടാ സംഘങ്ങളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. നഗരത്തില്‍ ഗുണ്ടകള്‍ വീണ്ടും സജീവമാകുന്നുവെന്നും, ഇവര്‍ പലയിടങ്ങളിലും മണ്ണ് മാഫിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോലീസ് നിയമനങ്ങളില്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇവര്‍ പിടിമുറുക്കുന്നുവെന്നാണ് സേനയ്‌ക്കുള്ളില്‍ നിന്നുള്ള സൂചനകള്‍.
















