ന്യൂദല്‍ഹി : ക്ഷേത്രങ്ങളിലെ മൃഗബലിക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ത്രിപുര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. അപ്പീൽ സ്വീകരിച്ച സുപ്രീംകോടതി ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ ഏർപ്പെടുത്തുകയും ചെയ്തു.
മൃഗങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തൃപുര ഹൈക്കോടതി സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളില്‍ മൃഗബലിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് സഞ്‌ജോയ് കരോള്‍, ജസ്റ്റിസ് അരിന്തം ലോധ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. മതപരമായ ചടങ്ങുകള്‍ക്ക് അവിഭാജ്യമാണെങ്കിൽ പോലും മൃഗബലി നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
അന്ധവിശ്വാസങ്ങളുടെ പേരില്‍ സംസ്ഥാനത്ത് മൃഗങ്ങളുടേയും പക്ഷികളുടേയും ജീവൻ ഹോമിക്കപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി റിട്ട. ജഡ്ജി സുബാഷ് ഭട്ടാചാരി നല്‍കിയ ഹർജിയിന്മേലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ത്രിപുരേശ്വരി ക്ഷേത്രം, ചതുര്‍ദാസ് ദേവതാ ബാരി ക്ഷേത്രം എന്നിവിടങ്ങളിൽ ആടുകളെ ബലികഴിക്കുന്ന ആചാരത്തിന് 500 വര്‍ഷത്തോളം പഴക്കമുണ്ട്. താന്ത്രിക് വിശ്വാസപ്രകാരം ദശ മഹാ വിദ്യയിലെ അനുഷ്ഠാനമാണ് ഇതെന്ന വാദങ്ങളെ തള്ളിയ കോടതി ക്ഷേത്രങ്ങളില്‍ ദാനമായിക്കിട്ടിയ മൃഗങ്ങള്‍ക്ക് ഉടന്‍ അഭയകേന്ദ്രം ഒരുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കോടതി വിധി ലംഘിക്കുന്നുണ്ടോ എന്നറിയാനായി ക്യാമറകള്‍ സ്ഥാപിക്കാനും കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
1949ൽ ത്രിപുര നാട്ടുരാജ്യത്തിന്റെ റീജന്റ് മഹാറാണി കഞ്ചൻ പ്രഭാദേവിയും ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലും ഒപ്പിട്ട ഉടമ്പടി പ്രകാരം ത്രിപുരയിലെ ചില ക്ഷേത്രങ്ങളില്‍ മൃഗബലി നടത്താനുള്ള അധികാരം സംസ്ഥാനത്തിനുണ്ടായിരുന്നു. എന്നാൽ മൃഗബലിമാത്രമാണ് വിലക്കുന്നതെന്നും മൃഗങ്ങളെ ക്ഷേത്രത്തില്‍ ദാനം ചെയ്യാമെന്നും കോടതി അറിയിച്ചു.
















