മുംബൈ : മഹാരാഷ്‌ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാഷ്‌ട്രപതി ഭരണം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് ഈ പ്രതികരണം.
മഹാരാഷ്‌ട്രയില്‍ ബിജെപിയും ശിവസേനയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഫലം വന്നതോടെ ശിവസേന കാലുമാറുകയായിരുന്നു. പിന്നീട് എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി പദമെന്ന ശിവസേനയുടെ ആഗ്രഹം അവര്‍ വിസമ്മതിച്ചു. സമയ പരിധി അവസാനിച്ചിട്ടും തീരുമാനത്തില്‍ എത്താതായതോടെയാണ് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
മഹാരാഷ്‌ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടത്തുമെന്ന് ബിജെപി എംപി നാരായണ റാണെയും പറഞ്ഞു. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് ശിവസേനയെ വിഡ്ഢിയാക്കുകയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് ദേവേന്ദ്ര ഫഡ്നാവിസ് നടത്തുന്നതെന്നും റാണെ കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്‌ട്രയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് രാഷ്‌ട്രപതി ഭരണം നിലവില്‍ വന്നത്. ഗവര്‍ണര്‍ ഭഗത് സിങ് ഉച്ചയോടെ രാഷ്‌ട്രപതി ഭരണത്തിനുള്ള റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. മഹാരാഷ്‌ട്രയില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.
















