ന്യൂദല്‍ഹി: വിദേശധനം സ്വീകരിക്കാനുള്ള ചട്ടങ്ങള്‍ ലംഘിച്ച 1807 എന്‍ജിഒകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. അനധികൃതമായി സംഘടനകളിലേക്ക് ഒഴുകുന്ന വിദേശ ഫണ്ട് തടഞ്ഞുകൊണ്ടാണ് ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപടി നേരിട്ടവരുടെ പട്ടികയിലുണ്ട്. ഇതോടെ പട്ടികയില്‍ ഉള്‍പ്പെട്ട സന്നദ്ധ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദേശ സഹായം സ്വീകരിക്കാന്‍ ഇനിമുതല്‍ സാധിക്കില്ല.
യൂണിവേഴ്‌സിറ്റി ഓഫ് രാജസ്ഥാന്‍, അലഹാബാദ് കാര്‍ഷിക ഇന്‍സ്റ്റ്യൂട്ട്, ഗുജറാത്ത് വൈഎംസിഎ, സ്വാമി വിവേകാനന്ദ എഡ്യൂകേഷന്‍ സൊസേറ്റി കര്‍ണ്ണാടക എന്നിവയെല്ലാം ഫോറീന്‍ കോണ്‍ട്രീബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) ലംഘിച്ചുവെന്നാണ് കേന്ദ്ര അഭ്യാന്തര മന്ത്രാലയം അറിയിക്കുന്നത്.
ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും വാര്‍ഷിക വരവ് ചിലവ് കണക്കുകള്‍ക്കൊപ്പം വിദേശ സഹായം എത്രയെന്ന് കൃത്യമായി കാണിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്നാണ് അറിയുന്നത്. എഫ്‌സിആര്‍എ നിയമപ്രകാരം ഈ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും സംഘടനകളും ഒരു സാമ്പത്തിക വര്‍ഷം കഴിഞ്ഞ് ഒമ്പത് മാസത്തിനുള്ളില്‍ സാമ്പത്തിക വര്‍ഷം ലഭിച്ച വിദേശ സഹായം സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ ഓണ്‍ലൈനായി സര്‍ക്കാറിന് സമര്‍പ്പിക്കണം എന്നാണ് പറയുന്നത്.
2014 ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്ര ആഭ്യനന്തര മന്ത്രാലയം ഇതുവരെ 14,800 സന്നദ്ധ സംഘടനകള്‍ക്കെതിരെ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചതിന് നടപടി എടുത്തിട്ടുണ്ട്.
എഫ്‌സിആര്‍എ നിയമപ്രകാരം സംഘടനകള്‍ വാര്‍ഷിക വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ടുകളും അവയുടെ പകര്‍പ്പുകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കേണ്ടതാണ്. രസീതുകള്‍, പെയ്‌മെന്റ് അക്കൗണ്ടുകള്‍, ബാലന്‍സ് ഷീറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സാമ്പത്തിക വര്‍ഷം അവസാനിച്ച് ഒമ്പത് മാസത്തിനുള്ളില്‍ ഇത് ചെയ്തിരിക്കണമെന്നാണ് ചട്ടം. ഇത് പാലിക്കാതെ വന്നതോടെയാണ് ആഭ്യന്തരമന്ത്രാലയം കടുത്ത നടപടികള്‍ സ്വീകരിച്ചത്.
















