ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയില്‍ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കറെ തൊയ്ബ ഭീകരനെ സുരക്ഷാസേന വധിച്ചു. ഗന്ധര്‍ബാല്‍ ജില്ലയിലെ ഗുണ്ട് പ്രദേശത്ത് ഭീകരരുടെ സാനിധ്യമുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് അന്വഷണം നടത്തുകയായിരുന്ന സുരക്ഷ സംഘത്തിനു നേരെ കാടിനുള്ളി നിന്ന് ഭീകര സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
സുരക്ഷസേനയുടെ പ്രതിരോധത്തില്‍ ഒരു ഭീകരനെ വധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ഒരു സൈനികനും പരിക്കെറ്റിട്ടുണ്ട്. ഇയാളെ അടുത്തുള്ള അശുപത്രിയില്‍ എത്തിച്ചതായും സൈന്യം അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്നും ഇനിയും ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുകയാണെന്നും സുരക്ഷാ സേന പറഞ്ഞു. ജമ്മു കശ്മീര്‍ പോലീസിനൊപ്പം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സും(സിആര്‍പിഎഫ്) കരസേനയും സംയുക്തമായാണ് സുരക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വെടിവച്ചുകൊന്നത്. ശ്രീനഗറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ലോദാര ഗ്രാമത്തിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്‌പുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുരക്ഷാ സേന ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നടന്ന ഓപ്പറേഷനില്‍ സുരക്ഷാ സേന ഒരു ഭീകരനെ കൊന്നതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം.
















