മുംബൈ: മുഖ്യമന്ത്രി പദത്തിനായി മഹാരാഷ്‌ട്രയില്‍ എന്‍സിപിയുമായി സഹകരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ ശ്രമങ്ങളെ തകര്‍ത്ത് കോണ്‍ഗ്രസ് സഖ്യം. വേണ്ട ഭൂരിപക്ഷമില്ലാത്തതിനാല്‍ ആദ്യം പ്രതിപക്ഷത്തിരിക്കാനാണ് ആദ്യം എന്‍സിപി കോണ്‍ഗ്രസ് സഖ്യം തീരുമാനിച്ചത്. എന്നാല്‍ ഫലം പുറത്തുവന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയതോടെ എന്‍ഡിഎയില്‍ നിന്നും കണക്കുപറഞ്ഞ് സീറ്റ് ചോദിച്ചുവാങ്ങിയ ശിവസേന സഖ്യത്തില്‍ നിന്നും പുറത്തുപോയി എന്‍സിപിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കാമെന്ന് ശിവസേന അറിയിച്ചതോടെ എന്‍സിപി കോണ്‍ഗ്രസ് സഖ്യം മുഖ്യമന്ത്രി പദം ഭാഗിക്കണമെന്ന ആവശ്യം അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്. എന്‍സിപി ആദ്യം രണ്ടര വര്‍ഷത്തെ മുഖ്യമന്ത്രി പദമാണ് ശിവസേനയോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പിന്തുണ ആവശ്യമാണ്. ഇതോടെ കോണ്‍ഗ്രസ്സും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് ശിവസേനയ്‌ക്ക് തിരിച്ചടിയായിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് 7.30ന് മുമ്പാകെ അന്തിമതീരുമാനം അറിയിക്കണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിങ് കൊഷ്യാരി അറിയിച്ചത്. അതേസമയം മകന്‍ ആദിത്യയ്‌ക്കുവേണ്ടിയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം ചോദിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ മുഖ്യമന്ത്രി പദം ഉദ്ധവിന് നല്‍കാമെന്നാണ് എന്‍സിപി മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇത് അംഗീകരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരണവാദവുമായി മുന്നോട്ടു പോകാമെന്നാണ് എന്‍സിപി ശിവ്സേനയെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്- എന്‍സിപി ഉന്നതതല സമിതി ചര്‍ച്ച നടത്തി വരികയാണ്.
സോണിയ ഗാന്ധി ഇതുമായി ബന്ധപ്പെട്ട് പവാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പവാറുമായി നേരിട്ടുകണ്ട് വിഷയം ചര്‍ച്ച ചെയ്യും. സോണിയ ഗാന്ധി ദല്‍ഹിയിലും ശരദ് പവാര്‍ മുംബൈയിലും നേതൃയോഗങ്ങള്‍ വിളിച്ചുച്ചേര്‍ത്തു സാഹചര്യങ്ങള്‍ വിലയിരുത്തി. അതേസമയം ശിവസേനയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതില്‍ എന്‍സിപി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. ഇതിനെ തുടര്‍ന്നാണ് മൂന്ന് പ്രധാന നേതാക്കളെ തന്നെ കോണ്‍ഗ്രസ് എന്‍സിപിയുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. മന്ത്രിസഭയില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളടക്കം നേടിയെടുക്കണമെന്ന് നേതൃത്വത്തോട് ഭൂരിഭാഗവും ആവശ്യപ്പെട്ടു കഴിഞ്ഞു.
















