തിരുവനന്തപുരം: അമ്പലമുക്ക് കുരിശടിക്ക് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തലസ്ഥാനത്ത് പലഭാഗങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഏഴു മണിക്ക് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കവടിയാര്‍, പേരൂര്‍ക്കട, മുട്ടട, കേശവദാസപുരം, പട്ടം, അമ്പലമുക്ക്, മെഡിക്കല്‍ കോളേജ്, പരുത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളവിതരണം തടസ്സപ്പെട്ടത്.
700 എം.എം പിമോ പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ജലപ്രവാഹത്തില്‍ റോഡിന് നടുക്ക് വലിയ കുഴി രൂപപ്പെട്ടു. ഇതോടെ അമ്പലമുക്ക് ഭാഗത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇന്നു രാത്രിയോടെ ജല വിതരണം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.
















