ന്യൂദല്‍ഹി: സമത്വം, സംവേദനക്ഷമത, സാമൂഹ്യമായ കെട്ടുറപ്പ് എന്നിവയിലൂന്നിയ മൂല്യങ്ങള്‍ വളര്‍ത്താന്‍ നമ്മളെ പഠിപ്പിച്ച മഹാപുരുഷനാണ് ഗുരുനാനാക് ദേവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സിഖ് മതസ്ഥാപകനും പ്രഥമഗുരുവുമായ ഗുരുനാനാക്ക് ദേവിന്റെ 550-ാം ജയന്തി ദിനത്തോടനുബന്ധിച്ച് ട്വിറ്ററിലാണ് രാഷ്ട്രപതി ആശംസാ സന്ദേശം കുറിച്ചത്.
അതേസമയം പ്രത്യേക ദിനത്തില്‍ എല്ലാവര്ക്കും ആശംസകള്‍ അറിയിക്കുന്നെന്നും നീതിയുക്തവും ഒത്തൊരുമയുള്ളതുമായ സമൂഹമെന്ന ഗുരുനാനാക്ക് ദേവിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സ്വയം സമര്‍പ്പിക്കാനുള്ള ദിവസമാണ് ഇന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ഒരു വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ 9 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നാലു കിലോമീറ്റര്‍ നീളമുള്ളതാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി. ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പോകാന്‍ കഴിയും . സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര.
ഒരു മതാചാര്യന് എന്നതിനപ്പുറം മതങ്ങളിലെ അനാചാരങ്ങളേയും അന്തവിശ്വാസങ്ങളേയും ദൈവത്തോടുള്ള കപടസ്നേഹത്തേയും തള്ളിക്കളയാനും ഗുരുനാനാക്ക് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഓര്‍മ്മിപ്പിച്ചു. ഗുരുനാക്കിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഉപരാഷ്ട്രപതി ജയന്തി ആശംസകള്‍ അറിയിച്ചത്.
















