ഗുവാഹത്തി: അയോധ്യ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനവുമായി അസാമിലെ മുസ്ലീം സംഘടന. അസാമിലെ 21 സംഘടനകള്‍ പ്രതിനിധീകരിക്കുന്ന ‘ജനഗോസ്ത്യ സമന്വയ് പരിഷത്താണ്’ ഈ വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്രമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നെന്നും സംഘടന വ്യക്തമാക്കി. അസാമിലെ ന്യൂനപക്ഷ ക്ഷേമ ബോര്‍ഡിന്റെ ചെയര്‍മാനും പരിഷത്തിന്റെ മുഖ്യ കണ്‍വീനറുമായ മോമിനുല്‍ അവല്‍ ആണ് ഇതു സംബന്ധിച്ച കാര്യത്തിലെ സംഘടനയുടെ നിലപാട് അറിയിച്ചത്.
അതേസമയം ന്യൂനപക്ഷ സമുദായങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് വിധിയെ മാനിക്കുന്നെന്ന് വ്യക്തമാക്കി. കൂടാതെ രാജ്യത്തെയും അസാമിലെ ജനങ്ങളോടായും സമാധാനം പുലര്‍ത്തണമെന്ന് ആഹ്വാനം ചെയ്തു. സമൂഹമാധ്യമങ്ങളില്‍ തീവ്രവികാരമുണര്‍ത്തുന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തരുതെന്നും പാര്‍ട്ടി വ്യക്തമാക്കി.
















