തിരുവനന്തപുരം : പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സോഫ്ട്‌വെയര്‍ പദ്ധതിയും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാന്‍ തീരുമാനം. കൊച്ചിയിലെ സാധ്യതാ പഠനത്തിനായി ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിട്ടുണ്ട്.
സംസ്ഥാന പോലീസിന്റെ ഡേറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുക്കണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനു പിന്നാലെയാണ് പാസ്‌പോര്‍ട് വെരിഫിക്കേഷന്‍ പദ്ധതിയും ഏല്‍പ്പിച്ച് ഫണ്ട് കൈമാറാന്‍ ഒരുങ്ങുന്നത്. നവംബര്‍ 2ന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. എന്നാല്‍ ഊരാളുങ്കലിന് ഡേറ്റാ ബേസിലെ മുഴുവുന്‍ വിവരങ്ങളും കിട്ടില്ലെന്നും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നുമാണ് ഡിജിപി ഓഫീസിന്റെ വിശദീകരണം
അതീവ പ്രധാന്യമുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ സംസ്ഥാന പോലീസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റാ ബേസില്‍ പ്രവേശിക്കാനുളള അനുവാദവും നല്‍കിയിട്ടുണ്ട്.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ കുറ്റവാളികള്‍ വരെയുളളവരുടെ മുഴുവന്‍ വിശദാംശങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ സോഫ്ട് വെയര്‍ നിര്‍മാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയില്‍ സാമ്പിള്‍ ഡേറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ സോറ്റ്‌വെയറുകള്‍ നിര്‍മിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം.
















