ഹൈദരാബാദ്: തെലങ്കാനയിലെ കാച്ചേഗുഡ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ച പത്തിലേറെ പേര്‍ക്ക് പരിക്ക്. പാസഞ്ചര്‍ ട്രെയിനും എക്‌സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ട് ട്രെയിനുകള്‍ക്കും വേഗത കുറവായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്ന് അധികൃതര്‍ പറഞ്ഞു.
കര്‍ണൂലില്‍ നിന്ന് സെക്കന്തരാബാദിലേക്ക് പോകുകയായിരുന്ന ഹുന്ദ്രി എക്‌സ്പ്രസും ലിന്‍ഗാംപള്ളിയില്‍ നിന്ന് ഫലാക്‌നുമയിലേക്ക് പോകുകകയായിരുന്നു പാസഞ്ചര്‍ ട്രെയിനുമാണ് കാച്ചേഗുഡ റെയില്‍വേ സ്റ്റേഷന് സമീപം കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇരുടെയും നില ഗുരുതരമല്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിനുകളുടെ ബോഗികളും പാളം തെറ്റി. പാസഞ്ചറിന്റെ അറുബോഗികളും എക്‌സ്പ്രസ് ട്രെയിനിന്റെ മൂന്നുബോഗികളുമാണ് പാളം തെറ്റിയത്.

അപകടവിവരം അറിഞ്ഞയുടനെ റെയില്‍വേയുടെ ആക്‌സിഡന്റ് റിലീഫ് മെഡിക്കല്‍ വാന്‍ അടക്കം സ്ഥലത്തെത്തിയിരുന്നു. അപകടത്തെ പറ്റി അന്വേഷിക്കാന്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്. അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.
















