കെ.കെ. നായര്‍, ഭാര്യ ശങ്കുന്തളയ്ക്കൊപ്പം നായര്‍
കുട്ടനാട് കണ്ടങ്കളത്തില്‍ കരുണാകരന് നായര്‍ അയോധ്യയില്‍ കൊളുത്തിയ നെയ്ത്തിരി രാമഭക്തരുടെ മനസ്സില്‍ തീപ്പന്തമായി എരിയാന്‍ തുടങ്ങിയിട്ട് ആറു പതിറ്റാണ്ടായി. അയോധ്യയെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല ഫൈസാബാദ് കളക്ടറായിരുന്ന കെ.കെ. നായരെ. നായരുടെ ശക്തമായ ഇടപെടലാണ് രക്തച്ചൊരിച്ചില്‍ ഉണ്ടാകാതെ രാമക്ഷേത്രത്തില്‍ വീണ്ടും ഹിന്ദുക്കള്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടാക്കിയത്.
1524ല്‍ അക്രമകാരിയായ ബാബര്‍ ക്ഷേത്രം തകര്‍ത്തപ്പേള്‍ തുടങ്ങിയ പ്രതിരോധം അഞ്ചു നൂറ്റാണ്ടിനുശേഷവും ഹിന്ദുജനത കെട്ടടങ്ങാതെ സൂക്ഷിച്ചതിനു കൂടുതല്‍ ഊര്‍ജം പകര്‍ന്നത് കെ.കെ. നായരുടെ ധീരമായ തിരുമാനമാണ്. ക്ഷേത്ര സംരക്ഷണത്തിനായി എഴുപത്തഞ്ചിലേറെ ചെറുതും വലുതുമായ യുദ്ധങ്ങള്‍ ഈ കാലഘട്ടത്തില്‍ നടന്നുകഴിഞ്ഞു. 1949 ഡിസംബര്‍ 22ല്‍ ക്ഷേത്രത്തില്‍ അഖണ്ഡനാമജപം നടത്തിയ സംന്യാസികളെ ക്ഷേത്രത്തില്‍നിന്ന് പുറത്താക്കി, പ്രതിഷ്ഠ നീക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദവല്ലഭ പന്ത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ആവശ്യപ്രകാരമായിരുന്നു പന്തിന്റെ നിര്‍ദേശം. പക്ഷേ, യഥാര്‍ഥ അവകാശികളാണ് നാമജപം നടത്തുന്നതെന്നും അവരെ ഇറക്കിവിട്ടാല്‍ രക്തപ്പുഴ ഒഴുകുമെന്നും ഫൈസാബാദ് കളക്ടറായിരുന്ന കെ.കെ. നായര്‍ റിപ്പോര്‍ട്ട് നല്കി.
തള്ളിയത് നെഹ്റുവിന്റെ നിര്‍ദേശം
തുടര്‍ന്ന് ഗോവിന്ദ വല്ലഭ പന്ത് സര്‍ക്കാര്‍, നായരെ സസ്പെന്‍ഡ് ചെയ്തു. കോടതിയില്‍ തനിക്കെതിരായ നടപടി ചോദ്യംചെയ്ത നായര്‍ അനുകൂല ഉത്തരവുനേടി. പക്ഷേ, തിരികെ കയറിയശേഷം ജോലിയില്‍ തുടരാന്‍ അദ്ദേഹം തയാറായില്ല, രാജിവച്ചു. അയോധ്യക്കായുള്ള ഹൈന്ദവരുടെ ധര്‍മ പോരാട്ടത്തെ പലപ്പോഴും ഇല്ലാതാക്കാന്‍ നെഹ്റുവും, അതിനുശേഷം വന്ന സര്‍ക്കാരുകളും ശ്രമിച്ചെങ്കിലും ഒരിക്കല്‍ പോലും വിജയം കണ്ടില്ല.
തിരുവായ്ക്ക് എതിര്‍വാക്കില്ലാതിരുന്ന കാലത്താണ് നെഹ്റുവിന്റെ നിര്‍ദേശം നായര്‍ തള്ളിയത്. സത്യത്തിനും, ധര്‍മത്തിനും, നീതിക്കുമെതിരായി താന്‍ നില്‍ക്കില്ലെന്ന കര്‍ശന നിലപാടിലായിരുന്നു അദ്ദേഹം. ശരിയെന്ന് തോന്നുന്നത് ആരുടെ മുഖത്തു നോക്കിയും പറയുന്നതില്‍ മടിയില്ലാത്ത ആളായിരുന്നു. അതിനു പ്രധാനമന്ത്രിയെന്നോ, സാധാരണക്കാരനെന്നോയില്ല. ന്യായം നടപ്പിലാക്കുന്നതില്‍ യാതോരു വിട്ടുവീഴ്ചയും ചെയ്യില്ലായിരുന്നു.
കളക്ടര്‍ ഉദ്യോഗം ഉപേക്ഷിച്ചശേഷം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു കെ.കെ. നായര്‍ ചെയ്തത്. ഫൈസാബാദിലെ ജനങ്ങളുടെ കണ്‍കണ്ട ദൈവമായിമാറി അദ്ദേഹം. നായരെ രാമന്റെ പ്രതിപുരുഷനായാണ് ഫൈസാബാദിലെ മുസ്ലീങ്ങളുള്‍പ്പെടുന്ന ഒരു വലിയ ജനവിഭാഗം കണ്ടത്. ശ്രീരാമചന്ദ്രനോടൊപ്പം തന്നെ ഇന്നും കെ.കെ. നായരെയും ഭക്തര്‍ ആരാധിക്കുന്നു. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടെത്തിയിരുന്ന അദ്ദേഹത്തെ പൂര്‍ണമായും അവഗണിക്കാന്‍ അവസാനം നെഹ്റുവിനുപോലും കഴിഞ്ഞില്ല. അത്രയ്ക്കു ജനസ്വാധീനമായിരുന്നു.
ജനസംഘത്തില്‍ അണിചേരുന്നു
പിന്നീട് അദ്ദേഹം ജനസംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി. 1952ല്‍ കെ.കെ. നായരുടെ ഭാര്യ ശകുന്തള നായര്‍ ജനസംഘം ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭാംഗമായി. 1967ലെ നാലാം ലോക്സഭയില്‍ കെ.കെ. നായരും ഭാര്യ ശകുന്തള നായരും അംഗങ്ങളായി. നായര്‍ ബഹ്രക് മണ്ഡലത്തില്‍നിന്നും ശകുന്തള നായര്‍ കൈസര്‍ ഗഞ്ച് മണ്ഡലത്തില്‍നിന്നുമാണ് ലോക്സഭയിലെത്തിയത്. കെ.കെ. നായരുടേയും ശകുന്തളയുടെയും പാര്‍ലമെന്റിലെ പ്രകടനങ്ങള്‍ ഏറ്റവും മികവുറ്റതായിരുന്നു. ഇവരുടെ ഡ്രൈവറേയും ഫൈസാബാദ് എംഎല്‍എയാക്കി ജനങ്ങള്‍ വിജയിപ്പിച്ചു. കേരളത്തില്‍ ജനസംഘത്തിന് വേരോട്ടമുണ്ടാകുന്നതിനു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മലയാളിയായ അദ്ദേഹം ജനസംഘം ടിക്കറ്റില്‍ യുപിയില്‍നിന്ന് എംഎല്‍എയും എംപിയുമായത്.
കെ.കെ. നായരും ഭാര്യയും അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത് ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. 1977 സപ്തംബര്‍ ഏഴിന് മരിക്കുംവരെ അദ്ദേഹം ജനസംഘം പ്രവര്‍ത്തകനായിരുന്നു. ആലപ്പുഴ സനാതന ധര്‍മ്മ വിദ്യാലയത്തില്‍ പഠനം തുടങ്ങിയ കരുണാകരന് നായര്‍, ബിരുദം നേടിയശേഷം പത്തൊന്‍പതാം വയസ്സില്‍ ലണ്ടനില്‍ എത്തി. ഇരുപത്തൊന്നാം വയസ്സില്‍ ഐസിഎസില്‍ മികച്ച വിജയം നേടി. മടങ്ങിയെത്തിയ ശേഷം 1930ല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി ഉത്തര്‍പ്രദേശില്‍ എത്തുകയായിരുന്നു. ഏകമകന് മാര്‍ത്താണ്ഡ വിക്രമന് നായര്‍ കൊല്‍ക്കത്തയിലെ അപ്പലെറ്റ് ട്രിബ്യൂണലായിരുന്നു. ഇപ്പോള്‍ ദല്‍ഹിയിലാണ് താമസം.
കെ.കെ. നായര്‍ സ്മൃതി മന്ദിരം
കെ.കെ. നായര്‍ക്ക് അര്‍ഹമായ പരിഗണന കേരളം നല്‍കിയില്ല. സംഘടിത മതത്തിന്റെ ചിറകില്‍ നില്ക്കുന്നവര് ഈ വലിയ മനുഷ്യനെ ഓര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചില്ല. ദേശീയ വാദികള്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ഥം ആലപ്പുഴയില്‍ കെ.കെ. നായര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം
നല്കി പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ട്രസ്റ്റ് നടപ്പിലാക്കുന്നത്. സ്മാരകത്തിന്റെ ഒന്നാം ഘട്ടമായി ആലപ്പുഴ കളക്ട്രേറ്റിന് സമീപം കെ.കെ. നായരുടെ സ്മാരകം ഉയരുകയാണ്. വിശ്വഹിന്ദു പരിഷത്ത് നല്കിയ ഭൂമിയിലാണ് സ്മാരകം പണിയുക.
സിവില്‍ സര്‍വീസ് അക്കാഡമി, മികവ് പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, വിവിധ സഹായ പദ്ധതിള്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്. കെ.കെ. നായരുടെ ബന്ധുകൂടിയായ കെ.കെ. പത്മനാഭപിള്ള രക്ഷാധികാരിയും, പി. സുനില്‍ പ്രസിഡന്റും, വി.എന്‍. രാമചന്ദ്രന് നിര്‍മാണ കമ്മിറ്റി പ്രസിഡന്റും, കെ.വി. ഉണ്ണികൃഷ്ണന് സെക്രട്ടറിയുമായുള്ള ട്രസ്റ്റാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: