‘മഹത്വത്തിന്റെ ഉരകല്ലെന്താണ്?’ ചോദ്യം. ‘ഭാവികാലത്തേക്കുള്ള ഒരാളുടെ നിഴലിന്റെ നീളം. ചോദ്യകര്‍ത്താവ് പ്രശസ്തനായ ഒരു കമ്യൂണിസ്റ്റ് നേതാവ്. ഉത്തരം നല്‍കിയത് മറ്റൊരു കമ്യൂണിസ്റ്റ് നേതാവ് പി. ബാലചന്ദ്രമേനോന്. സന്ദര്‍ഭം പണ്ഡിത് നെഹ്റു ജന്മശതാബ്ദിയുടെയും ഡോക്ടര്‍ ഹെഡ്ഗേവാര്‍ ജന്മശതാബ്ദിയുടെയും ആഘോഷവേള. ഈ വിവരം വെളിപ്പെടുത്തിയത് ഇന്ന് നൂറ്റാണ്ട് പിറന്നാള്‍ വരുന്ന ഭാരതത്തിലെ പഥപ്രദര്ശകരില് ഒരാളായ ദത്തോപന്ത് ഠേംഗ്ഡി. അദ്ദേഹത്തിന്റെ കൃതിയായ കാര്യകര്‍ത്താ എന്ന താരതമ്യമില്ലാത്ത, കുറ്റമറ്റ സംഘടനാ ശാസ്ത്രഗ്രന്ഥത്തിന്റെ അവസാനം ഈ പ്രസ്താവത്തോടെയാകയാല് ജന്മഭൂമി വായനക്കാരില്‍ ധാരാളം പേര് അത് ഓര്‍മിക്കുന്നുണ്ടാവും. എന്നാലും ഇവിടെ അത് ചുരുക്കത്തില്‍ വിവരിക്കാമെന്നു വിചാരിക്കുന്നു.
ഡോക്ടര്‍ ഹെഡ്ഗേവാറും ജവഹര്‍ലാല്‍ നെഹ്റുവും ഒരേ പ്രായക്കാരായിരുന്നു. ഠേംഗ്ഡിജി രാജ്യസഭാംഗമായിരുന്ന കാലത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ കക്ഷിഭേദമെന്യേ സഭാംഗങ്ങള്‍ ഒരുമിച്ചിരുന്ന് കാര്യവിചാരം ചെയ്യുന്ന പതിവുണ്ട്. ഇത്തരമൊരു അവസരമുപയോഗിച്ചായിരുന്നു മറ്റൊരതുല്യപ്രതിഭയായിരുന്ന ഏകനാഥറാനഡേ കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരക നിര്‍മാണത്തിനായി പാര്‍ലമെന്റംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും കയ്യൊപ്പ് സമാഹരിച്ചത്. ഏകനാഥജിയും ഠേംഗ്ഡിജിയും ബംഗാളില്‍ പ്രചാരകന്മാരായിരുന്നിട്ടുണ്ട്. ഠേംഗ്ഡിജിയായിരുന്നല്ലോ കേരളത്തില്‍ സംഘസന്ദേശത്തിന്റെ തുടക്കക്കാരില്‍ ഒരാള്‍. അതിനാല്‍ കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമുള്ള കമ്യൂണിസ്റ്റ് എംപിമാരുമായി അദ്ദേഹത്തിനു അടുപ്പം കൂടുതലുണ്ടായി. ഇരുസംസ്ഥാനങ്ങളില്നിന്നുമുള്ള മുഴുവന്‍ ഇടതുപക്ഷ എംപിമാരും സ്മാരക നിര്‍മാണത്തിനുള്ള നിവേദനത്തില്‍ ഒപ്പുവെച്ചിരുന്നുവെന്നും ഓര്‍മിക്കാം. കമ്യൂണിസ്റ്റ് നേതാക്കള്ക്കറിവില്ലാഞ്ഞോ അജ്ഞത നടിച്ചോ, ഒരു സഖാവ് സംഘത്തിന്റെ പേരും സ്ഥാപകന്റെ വിവരങ്ങളും ഠേംഗ്ഡിജിയോടന്വേഷിച്ചു. ഡോക്ടര്‍ ഹെഡ്ഗേവാറെക്കുറിച്ച് താന്‍ കേട്ടിട്ടുപോലുമില്ലല്ലോ എന്നു പുച്ഛസ്വരത്തോടെ അദ്ദേഹം സംസാരിച്ചപ്പോള്‍ ബാലചന്ദ്രമേനോന് മഹാന്മാരെപ്പറ്റി ലാഘവത്തോടെ സംസാരിക്കരുതെന്നും ഓര്‍മിപ്പിച്ചു. തുടര്‍ന്നുണ്ടായ സംഭാഷണത്തില്‍ പണ്ഡിത് നെഹ്റു മരിച്ചത് 1964 ലും ഡോക്ടര്‍ ഹെഡ്ഗേവാര്‍ മരിച്ചത് 1940 ലുമായിരുന്നെന്നും മരണസമയത്ത് നെഹ്റു ലോകത്തെ ഏറ്റവും പ്രശസ്ത മൂന്നു വ്യക്തികളിലൊരാളും ഡോക്ടര്‍ ഹെഡ്ഗേവാര്‍ സെന്‍ട്രല്‍ പ്രോവിന്സിലെ ചിലയിടങ്ങളില്‍ മാത്രം അറിയപ്പെടുന്ന ആളുമായിരുന്നെന്നും പ്രസ്താവിക്കപ്പെട്ടു. തുടര്‍ന്നു പണ്ഡിത്ജിയുടെ ആദര്‍ശങ്ങള്‍ക്കായി മരിക്കാന്‍ തയ്യാറുള്ളവര്‍ 50 ലേറെപ്പേരുണ്ടാവില്ലെന്നും ഡോക്ടര്‍ ഹെഡ്ഗേവാറുടെ ആദര്‍ശങ്ങള്‍ക്കായി മരിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഉണ്ടാവുമെന്നും നിങ്ങള്‍ക്കറിയുമല്ലോ എന്നും മേനോന് പറഞ്ഞു. അപ്പോള്‍ മഹത്വത്തിന്റെ മാനദണ്ഡമെന്തെന്ന അവരുടെ അന്വേഷണത്തിന് മേനോന് പറഞ്ഞ മറുപടിയാണ് ‘ഭാവികാലത്തേക്കുള്ള നിഴലിന്റെ നീളം’ എന്നത്. ബാലചന്ദ്ര മേനോന്റെ ജ്യേഷ്ഠന് പി. അപ്പുക്കുട്ടമേനോന്‍ 1950 കളിലും അറുപതുകളിലും കൊല്ലങ്കോട്, തലശ്ശേരി മുതലായ സ്ഥലങ്ങളില്‍ പ്രശസ്തനായ ഹെഡ്മാസ്റ്ററും തികഞ്ഞ സംഘസ്നേഹിയും കേരളത്തിലെ ഹോമിയോ ചികിത്സകരുടെ ഗുരുസ്ഥാനീയനും കൂടി ആയിരുന്നു. മക്കളെല്ലാവരും സ്വയംസേവകരും എന്നുകൂടി ഇവിടെ പ്രസ്താവിക്കട്ടെ.
മഹാനായിരുന്ന ഠേംഗ്ഡിജിയുടെ നിഴല്‍ ‘മേഖലാ സമഗ്ര സാമ്പത്തിക സഹകരണ’മെന്ന പൂര്‍വേഷ്യാ ശാന്തസമുദ്രക്കരാറില് ഭാരതം ഒപ്പുവെക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇന്ന് ഈ വരികള്‍ കുറിക്കാനിരുന്നതു ആ വാര്‍ത്ത വായിച്ച സന്തോഷത്തോടെയാണ്. ഠേംഗ്ഡിജിയുടെ പ്രതിഭയില്‍നിന്ന് പ്രചോദനംകൊണ്ടു രൂപം പ്രാപിച്ച സ്വദേശി ജാഗരണ്‍ മഞ്ചും ഭാരതീയ മസ്ദൂര്‍ സംഘവും വര്‍ഷങ്ങള്‍ക്കു മുന്‍പേ എടുത്ത നിലപാടിനനുസൃതമായ തീരുമാനമാണ് മോദിയുടേത്.
സംപൂര്‍ണ മാനവന് എന്നദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ കഴിയുമോ എന്നു സംശയമാണ്. കാരണം വ്യക്തിപരമായി തന്റെ കുടുംബത്തിന്റെ തുടര്‍ച്ചയ്ക്കുവേണ്ടി ഒന്നും ചെയ്തില്ല. അതേസമയം തന്റെ പ്രതിഭയും പ്രജ്ഞയുംകൊണ്ട് ആയിരമായിരം മനസ്സുകളെ കൊളുത്തി പ്രകാശം പരത്തുന്നതില്‍ അസാമാന്യമായി വിജയിച്ച പൂജനീയ ഡോക്ടര്‍ ഹെഡ്ഗേവാറില്നിന്നും പൂജനീയ ഗുരുജിയില്‍നിന്നും നേരിട്ട് പ്രകാശനാളം കൊളുത്തപ്പെട്ട മനസ്സദ്ദേഹത്തിനു ലഭിച്ചു. ഏതെല്ലാം മേഖലകളിലാണ് ഠേംഗ്ഡിജി മേധാവിത്തം നേടിയതെന്ന് ചിന്തിച്ചാല്‍ അതിശയിച്ചുപോകും. നമ്മുടെ ഏതു സംശയവും ഉന്നയിക്കാന്‍ കഴിയുന്നവിധം തുറന്ന വ്യക്തിത്വമായിരുന്നു അത്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന സംയോജകനെന്ന ചുമതലയേല്‍ക്കാന്‍ സംഘ അധികാരിമാര്‍ എന്നോടാവശ്യപ്പെട്ടപ്പോള്‍ ഠേംഗ്ഡിജിയുടെ നേരിട്ടുള്ള മാര്‍ഗദര്‍ശനം ലഭിക്കുമെന്ന ആശ്വാസം തോന്നി.
അതുവരെ അദ്ദേഹവുമായി സംഘടനാപരമായി അടുത്ത് ഇടപഴകാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നില്ല. അതേസമയം കേരളത്തിലെ ആദ്യകാല പ്രചാരകന്മാരായിരുന്ന മാധവ്ജിയില്നിന്നും ആ വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ അറിയാന്‍ കഴിഞ്ഞു. മാധവ്ജിയുടെയും രാ.വേണുഗോപാലന്റെയും (വേണുവേട്ടന്, ഭരതേട്ടന്റെയും മാര്‍ത്താണ്ഡേട്ടന്റെയും മറ്റും അനുഭവങ്ങള്‍ പകര്‍ന്നു കിട്ടിയത് ആ വ്യക്തിത്വത്തെപ്പറ്റിയുള്ള ധാരണാ രൂപീകരണത്തിനും ഉപകരിച്ചു. എനിക്കദ്ദേഹത്തെ നേരില്‍ കാണാന്‍ അവസരം ലഭിച്ചത് 1960 ലായിരുന്നു. ഞാന്‍ തലശ്ശേരിയില്‍ പ്രചാരകനായിരുന്നപ്പോള്‍, ഠേംഗ്ഡിജി മംഗലാപുരം മെയിലിന് പോകുന്നുണ്ടെന്നും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നതു ഗുണകരമാണെന്നും മാധവ്ജി എഴുതി അറിയിച്ചിരുന്നു. തലശ്ശേരി സ്റ്റേഷനില്‍ അദ്ദേഹം യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്റ് കണ്ടുപിടിച്ചു കയറി. പയ്യന്നൂര്‍വരെ ഒരുമിച്ചു യാത്ര ചെയ്തു. ഒരു മണിക്കൂര്‍ സമയം ഒരുമിച്ചു ചെലവഴിച്ചു. അദ്ദേഹമാണ് തലശ്ശേരിയിലെ സംഘപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. അവിടത്തെ ഏറ്റവും പ്രശസ്ത വ്യക്തിയും പ്രഗത്ഭ അഭിഭാഷകനുമായിരുന്ന കെ.ടി. ചന്തു നമ്പ്യാര്‍ മുതല്‍ കടല്പാലത്തിനടുത്തു സോഡാക്കട നടത്തിവന്ന കിട്ടേട്ടനും, ചന്തു നമ്പ്യാരുടെ വീടിനെതിര്‍വശത്തു താമസിച്ചിരുന്ന ടി.കെ. കരുണാകരനുമടക്കമുള്ളയാളുകളെ പ്രത്യേകം അന്വേഷിച്ചിരുന്നു. കിട്ടേട്ടനേയും കരുണാകരനേയും മടക്കയാത്രയില്‍ സ്റ്റേഷനില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. പിറ്റേന്ന് അവരെ സ്റ്റേഷനില്‍ എത്തിച്ചു. ഠേംഗ്ഡിജിയോട് മലയാളമല്ലാത്ത ഒരു വാക്കുപോലും പറയാന്‍ അറിയാതെ അവര്‍ കുഴങ്ങി. കിട്ടേട്ടന് അദ്ദേഹത്തെ കണ്ടതുതന്നെ മഹാഭാഗ്യമായി തോന്നി. ഠേംഗ്ഡിജി തലശ്ശേരി കടല്പാലം കാണാനിറങ്ങിയപ്പോള്‍ അവിടെക്കണ്ട സോഡാക്കടയില്‍ കയറി തനിക്കറിയാവുന്ന മലയാളം പ്രയോഗിച്ചു കിട്ടേട്ടനില്നിന്ന് സോഡാ വാങ്ങി കഴിച്ചു. കരുണേട്ടന്റെ കമ്യൂണിസ്റ്റ് മനസ്സില്‍ സംഘത്തിന്റെ വിത്തുപാകിയത് ഠേംഗ്ഡിയായിരുന്നു. ആ മനുഷ്യനാണ് തലശ്ശേരിക്കു കിഴക്കുള്ള ഒട്ടേറെ ഗ്രാമങ്ങളില്‍ സംഘപ്രവര്‍ത്തനത്തിന് പറ്റിയ ആളുകളെ കണ്ടെത്തിയത്.
ഠേംഗ്ഡിയുടെ ദൃഷ്ടി സമൂഹത്തിന്റെ ആഴത്തിലും പരപ്പിലുമുള്ള വിവിധതലങ്ങളിലെ ഉത്തമ വ്യക്തികളെ സംഘത്തില്‍ കൊണ്ടുവരികയെന്നതായിരുന്നു. അതില്‍ അദ്ദേഹം തികച്ചും വിജയിച്ചു. മലബാറില്‍ സംഘത്തിന്റെ പരിച്ഛേദം പരിശോധിച്ചാല്‍ ഹിന്ദുസമാജത്തിലെ എല്ലാ സമുദായങ്ങളില്‍നിന്നുള്ളവര്‍ വിവിധതലങ്ങളില്‍ ചുമതല വഹിച്ചവരായുണ്ടായി എന്നു കാണാന്‍ കഴിഞ്ഞു.
1965-ല്‍ കാലടി ശ്രീരാമ കൃഷ്ണമഠത്തോടനുബന്ധിച്ചുള്ള വിദ്യാലയങ്ങളിലായിരുന്നു സംഘശിക്ഷാവര്‍ഗ്. കേരളത്തിലെ സ്വയംസേവകര്‍ക്ക് മാത്രമായി നടത്തപ്പെട്ട ആദ്യത്തെ ശിബിരമായിരുന്നു അത്. ശിക്ഷാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. അതേസമയം തത്ത്വജിജ്ഞാസുക്കളായ ധാരാളം ഭാവി പ്രതീക്ഷാ വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നുതാനും. അവിടെ ഠേംഗ്ഡിജി വന്നപ്പോള്‍ കമ്യൂണിസത്തിന്റെ താത്ത്വികവും പ്രായോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള ഒരു പ്രഭാഷണം ചെയ്യണമെന്ന് അധികാരിമാര്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം മാര്‍ക്സിസത്തെ സംഘവുമായി താരതമ്യം ചെയ്തുകൊണ്ടു നടത്തിയ അവതരണം അത്യധികം വെളിച്ചം വീശുന്നതായി. സംഘം ക്രമേണ വളര്‍ന്നു വികസിച്ച്, സമാജവുമായി ഒന്നുചേരുകയും സംഘം തന്നെ സമാജമായിത്തീരുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നും, അവയെ വേര്‍തിരിക്കുന്ന ലോലമായ തനുസ്തരം അപ്രത്യക്ഷമാകുമെന്നും, കമ്യൂണിസത്തിന്റെ പ്രസക്തിയില്ലാതാവുകയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ ബഹുമുഖമായ വികാസവും വളര്‍ച്ചയും നടക്കുന്നുണ്ടെങ്കിലും അദ്ദേഹം വിഭാവന ചെയ്ത സ്ഥിതി ഇനിയും എത്തിയിട്ടില്ല. എന്നാല്‍ ഡോക്ടര്‍ജി ജന്മശതാബ്ദി സമ്മേളനത്തില്‍ നാഗ്പൂരില്‍ സംസാരിക്കെ ലോകസ്ഥിതികളെപ്പറ്റി, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് സമൂഹത്തെപ്പറ്റി നടത്തിയ വിശകലനത്തില്‍, ആ പ്രത്യയശാസ്ത്രം നിലവിലിരിക്കുന്ന സോവ്യറ്റ് യൂണിയന് പത്തുവര്‍ഷം അതിജീവിക്കില്ല എന്നുപറഞ്ഞിരുന്നു. അതൊരു അത്യുക്തിയായാണ് മിക്കവര്‍ക്കും തോന്നിയതെങ്കിലും മൂന്നുവര്‍ഷത്തിനുള്ളില്‍ സോവ്യറ്റ് യൂണിയന് സ്വയം ഇല്ലാതാകുകയും കമ്യൂണിസം ഒരു പ്രത്യയശാസ്ത്രമെന്ന നിലയിലും, ഒരു പ്രസ്ഥാനമെന്ന നിലയിലും തിരോഭൂതമാകുകയും ചെയ്തു. ഇന്നത് അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണല്ലോ. അതും സര്‍വത്ര ജീര്‍ണാവസ്ഥയിലാണെന്നും എല്ലാവര്ക്കും അറിയാം.
ഠേംഗ്ഡിജിയുടെ ഏറ്റവും വലിയ സംഭാവന ഭാരതീയ മസ്ദൂര്‍ സംഘമെന്ന ലോകോത്തരമായി വളര്‍ന്ന് വ്യാപിച്ചുവരുന്ന തൊഴിലാളി പ്രസ്ഥാനമാണ്. മാര്‍ക്സിന്റെ തത്ത്വശാസ്ത്രമാണ് തൊഴിലാളി പ്രസ്ഥാനത്തിന്റെ ആധാരശില എന്ന ധാരണയെ അദ്ദേഹം പൊളിച്ചെഴുതി. ഭാരതീയ പാരമ്പര്യത്തിന്റെയും മാനവികതയുടെയും മൂല്യങ്ങളുടെ അടിസ്ഥാനത്തിലാവണം തൊഴില്‍ സംസ്കാരം കെട്ടിപ്പടുക്കേണ്ടതെന്ന അടിസ്ഥാന ധാരണയാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. ശ്രീഗുരുജിയും ദീനദയാല്‍ ഉപാധ്യായയും ദത്തോപന്ത് ഠേംഗ്ഡിയും അതിന്റെ അടിവേരുകള്‍ തേടിപ്പിടിച്ച് ചിരപുരാതനവും നിത്യനൂതനവുമായ ആശയസംഹിത മെനഞ്ഞെടുത്തു. നമ്മുടെ മാനവധര്മാടിസ്ഥാനമായുള്ള എല്ലാ സാഹിത്യത്തെയും ചികഞ്ഞ്, രാമായണ, മഹാഭാരതങ്ങളിലും സ്മൃതികളിലും നീതിശാസ്ത്രങ്ങളിലും പരതി നൂതനമായൊരു തത്ത്വശാസ്ത്രം തന്നെ അവര്‍ ആവിഷ്കരിച്ചു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള വിജ്ഞാനധാരകളെയും അതിനായി ഉപയോഗിച്ചു. തൊഴിലാളി പ്രസ്ഥാനം പോരാട്ടാധിഷ്ഠിതമായല്ല, സഹകരണാടിസ്ഥാനത്തിലായാലേ ബഹുജനഹിതത്തിനുതകൂ എന്ന നിഗമനത്തിലെത്തി. ‘വര്‍ക്കേഴ്സ് ഓഫ് ദ വേള്‍ഡ് യുണൈറ്റ്’ എന്ന മാര്‍ക്സിയന്‍ ആഹ്വാനത്തിനു പകരം ‘വര്‍ക്കേഴ്സ് യുണൈറ്റ് ദ വേള്‍ഡ് ‘ എന്നു തിരുത്തി. നാഷണലൈസ് ദ ലേബര്‍ ലേബറൈസ് ദ ഇന്‍ഡസ്ട്രി, ഇന്‍ഡസ്ട്രിയലൈസ് ദി നേഷന്‍ (തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രവല്‍ക്കരണം, വ്യവസായങ്ങളുടെ തൊഴിലാളിവല്ക്കരണം, രാഷ്ട്രത്തിന്റെ വ്യവസായവല്‍ക്കരണം) എന്ന ലക്ഷ്യം മുന്നില്‍വെച്ചു.
ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ നയലക്ഷ്യ പ്രഖ്യാപനം പോലെയുള്ള ഒരു സമഗ്രരേഖ തയാറായപ്പോള്‍, അതിനു പേരിട്ടത് ‘ഞങ്ങളുടെ പതിനാലു പ്രതിബദ്ധതകള്‍’ എന്നായിരുന്നു. അവകാശങ്ങളല്ല, രാഷ്ട്രത്തോടുള്ള പ്രതിബദ്ധതകള്‍. അത് വമ്പിച്ച ഘോഷയാത്രയായി വി.വി. ഗിരി രാഷ്ട്രപതിയായിരുന്ന കാലത്ത് അദ്ദേഹത്തിനു സമര്‍പ്പിച്ചു. ദീര്‍ഘകാലം ഐഎന്‍ടിയുസി നേതാവായിരുന്ന അദ്ദേഹം ഈ നൂതനവും ഭാവാത്മകവുമായ സങ്കല്പനത്തെ പ്രശംസിച്ചു.
ധനതത്ത്വശാസ്ത്രത്തിന്റെ ശാസ്ത്രീയ വ്യാഖ്യാനം പാശ്ചാത്യലോകത്തുണ്ടായത് എന്ന മിഥ്യാധാരണ ഇല്ലായ്മ ചെയ്യാന്‍ ഠേഗ്ഡിജിക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന് എം.ജി. ബൊക്കാറേയുമായി നീണ്ടകാലം നടത്തിയ ആശയസംവാദത്തിന്റെ ഫലമായി ‘ഹിന്ദു ഇക്കണോമിക്സ്’ എന്നൊരു ഗവേഷണ പ്രബന്ധം ബൊക്കാറോ തയാറാക്കി. അതു ആ മേഖലയിലെ വലിയ നേട്ടമാണ്.
ബിഎംഎസിന് ലോക തൊഴിലാളി സംഘടനയില്‍ ഭാരതത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ഉണ്ടായത്, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ പ്രാതികൂല്യം അനുഭവിച്ച കാലത്തായിരുന്നു. അവിടത്തെ വേദികളില്‍ ഭാരതീയ സമീപനത്തെ ശക്തമായി അവതരിപ്പിക്കാന്‍ ഠേംഗ്ഡിജിക്കും മറ്റു നേതാക്കള്‍ക്കും കഴിഞ്ഞു. ഇടതുപക്ഷ,കോണ്‍ഗ്രസ്സ് തൊഴിലാളി പ്രസ്ഥാനങ്ങള്‍ അവിടെ അപ്രസക്തങ്ങളായിക്കഴിഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗം 1980 കളില്‍ത്തന്നെ ബിഎംഎസ് നേതൃത്വത്തെ ക്ഷണിച്ചുവരുത്തി. അവരുടെ നേതൃത്വത്തോടും ഭാരതീയ തൊഴില്‍ സംസ്കാരങ്ങള്‍ വിശദീകരിക്കാന്‍ ഠേംഗ്ഡിജി അവസരമുണ്ടാക്കി.
സ്വദേശി ജാഗരണ്‍ മഞ്ച്, സ്വദേശി ശാസ്ത്ര പ്രസ്ഥാനം, മത്സ്യപ്രവര്‍ത്തക സംഘം, കിസാന്‍ സംഘം മുതലായ വിവിധ മേഖലകളിലെ പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനം നല്കാന് ഠേംഗ്ഡിജി എന്നും സന്നദ്ധത കാണിച്ചു.
ഭാരതീയ ചിന്തയിലൂടെ വിവിധ ജീവിതരംഗങ്ങളെ പ്രചോദിപ്പിക്കാനുള്ള ഒരു വിചാര പ്രസ്ഥാനം ആരംഭിക്കുന്നതിനുദ്യമിച്ച പരമേശ്വര്‍ജിക്കു ഏറ്റവും പിന്തുണ നല്കിയതു ഠേംഗ്ഡിജിയായിരുന്നു. തിരുവനന്തപുരത്ത് അതിന്റെ ഹരിശ്രീ കുറിച്ച അവസരത്തില്‍ തന്നെ ഠേംഗ്ഡിജി അവിടെയെത്തി തന്റെ പ്രായോഗിക ബൗദ്ധിക സംഭാവനകള്‍ മാര്‍ഗനിര്‍ദ്ദേശമായി നല്‍കിയിരുന്നു. ”തേര്‍ഡ് വേ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ അത് വായിക്കാം.”
ഡോക്ടര്‍ ഭീംറാവു അംബേദ്കറെ കുറിച്ചാണദ്ദേഹത്തിന്റെ പുസ്തകം, നിലവിലുള്ള തെറ്റിദ്ധാരണകളെ തിരുത്താന്‍ വക തരുന്നു. എഴുതാന്‍ വയ്യാത്തവിധം രോഗഗ്രസ്തനായ അന്ത്യകാലത്ത് ആധുനികസൗകര്യങ്ങളുപയോഗിച്ച് വാചാരൂപത്തില് റിക്കോര്‍ഡ് ചെയ്താണത് തയാറാക്കിയത്. ഓരോ ദിവസവും നിശ്ചിത സമയം അതു ചെയ്തശേഷം റീപ്ലേ ചെയ്തു കേള്‍ക്കുകയും തിരുത്തുകയുമായിരുന്നു.
‘ജനിച്ചനാള്‍ തൊട്ടന്തിമ നിമിഷം വരെയും ത്യാഗനിധേ!
ഭവാന്റെ ജന്മം വിശ്രമ ശൂന്യം കണ്ടക സങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്ര ബലിത്തീയില്‍
സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തൂ നീ’
പൂജ്യ ഡോക്ടര്‍ജിയെക്കുറിച്ച് പരമേശ്വര്‍ജി എഴുതിയത് ഠേംഗ്ഡിജിയുടെ കാര്യത്തിലും പരമാര്‍ത്ഥം.
അദ്ദേഹത്തിന്റെ നിഴലിന് ഭാവിയിലേക്കുള്ള നീളം ഇനിയും വര്‍ധിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: