ന്യൂദല്‍ഹി: അയോധ്യ കേസ് വിധിയെ സ്വാഗതം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ വഴി തുറന്നതോടെ താന്‍ അനുഗ്രഹീതനായെന്നും അദ്വാനി പറഞ്ഞു. ചരിത്ര വിധിക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മസംതൃപ്തിയുടെ നിമിഷമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് സര്‍വ്വ ശക്തന്‍ എനിക്ക് നല്‍കിയത്, അദ്വാനി പറഞ്ഞു.
രാജ്യം കാത്തിരിക്കുന്ന അയോധ്യ ഭൂമിത്തര്‍ക്ക കേസിലാണ് ഇന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം ആരംഭിച്ചത്. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറഞ്ഞത്.
2010ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇത് തെറ്റാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാം.
അതേസമയം, മുസ്ലിങ്ങള്‍ക്ക് ആരാധന നടത്താനുള്ള സ്ഥലം അയോധ്യയില്‍ തന്നെ അനുവദിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്തുള്ള സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ നല്‍കണം. ഇതിനു കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലുകളിലാണ് സുപ്രീംകോടതിയുടെ വിധി.
നേരത്തെ വിധി രാജ്യം അംഗീകരിച്ചതായും ഇന്ത്യയുടെ ജനാധിപത്യം എത്ര കരുത്തുറ്റതാണെന്ന് ലോകം കണ്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്നത്തെ സംഭവങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും. വിധിയെ അംഗീകരിച്ചത് ഇന്ത്യയുടെ സഹിഷുണ്തയുടെ പ്രതിഫലനമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചു. ഇന്ത്യന്‍ ജനത പുതിയ ചരിത്രം എഴുതി. വരൂ പുതിയ ചരിത്രം രചിക്കാം, പുതിയ ഇന്ത്യ നിര്‍മിക്കാമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
















