1949 ഡിസംബര്‍ 22: ഗോരഖ്നാഥ് മഠാധിപതി സന്ത് ദിഗ് വിജയ് നാഥ് ഒന്‍പതു ദിവസത്തെ രാമചരിത മാനസ പാരായണം അയോധ്യയിലെ ശ്രീരാമജന്മഭൂമിയില് നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നിയമനടപടികള്‍ക്ക് തുടക്കമായത്. പാരായണത്തെ തുടര്‍ന്ന് ശ്രീരാമജന്മസ്ഥാനില്‍ വിശ്വാസികള്‍ പൂജകള്‍ ആരംഭിച്ചു. ശ്രീരാമ വിഗ്രഹം ഇവിടെനിന്നും നീക്കണമെന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉത്തരവ് അന്നത്തെ ഫൈസാബാദ് കളക്ടര്‍ കെ.കെ. നായര്‍ നടപ്പാക്കാന്‍ തയാറായില്ല. അയോധ്യയെ സാമുദായിക സംഘര്‍ഷത്തിലേക്ക് തള്ളിവിടാന്‍ തയാറല്ലെന്ന് അദ്ദേഹം ഉറച്ച നിലപാടെടുത്തു. ഇരുകൂട്ടരെയും ഇവിടെ പ്രവേശിക്കുന്നതും കെ.കെ. നായര്‍ തടഞ്ഞു. എന്നാല്‍, പ്രാര്‍ഥനാ സ്വാതന്ത്ര്യം തടയുന്നു എന്നാരോപിച്ച് അഖിലഭാരതീയ രാമായണ മഹാസഭയും സുന്നി വഖഫ് ബോര്‍ഡും ഫൈസാബാദ് ലോക്കല്‍ കോടതിയെ സമീപിച്ചു. ഇതാണ് നിയമനടപടികളുടെ തുടക്കം.
1950: ഗോപാല്സിംല വിശാരദ് ഫൈസാബാദ് ജില്ലാ കോടതിയില്‍ രാംലാലയില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കി. പരമഹംസ രാമചന്ദ്ര ദാസും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചു.
1959: നിര്‍മോഹി അഖാഡ തര്‍ക്കപ്രദേശത്തിന്റെ അവകാശം ഉന്നയിച്ച് കേസ് ഫയല്‍ ചെയ്തു.
1981: യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തര്ക്കപ്രദേശത്തിന്മേല് അവകാശമുന്നയിച്ച് കേസ് കൊടുത്തു.
1986 ഫെബ്രുവരി ഒന്ന്: ഹിന്ദുക്കള്‍ക്കായി അയോധ്യ തുറന്നുകൊടുക്കാന്‍ കീഴ്ക്കോടതി ഉത്തരവ്.
1989 ആഗസ്ത് 14: തര്‍ക്കപ്രദേശത്ത് നിലവിലെ സാഹചര്യം തുടരണമെന്ന് നി
ര്ദേശിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ്
1992 ഡിസംബര്‍ 6: തര്‍ക്കമന്ദിരം തകര്‍ന്നു.
1993 ഏപ്രില്‍ 3: തര്‍ക്കപ്രദേശം ഏറ്റെടുത്തുകൊണ്ടുള്ള കേന്ദ്രനിയമം പാസാക്കി. ഇതിനെതിരെ ഇസ്മയില്‍ ഫാറൂഖി അടക്കമുള്ള പരാതിക്കാര്‍ അലഹബാദ് ഹൈക്കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തു. സുപ്രീംകോടതിയെയും കക്ഷികള്‍ സമീപിച്ചു. ഹൈക്കോടതി പരിഗണിച്ചിരുന്ന റിട്ട് പെറ്റീഷനുകളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റി.
1994 ഒക്ടോബര്‍ 24: പള്ളിയെന്നത് ഇസ്ലാമിന്റെ അടിസ്ഥാന ഘടകമല്ലെന്ന് പ്രസിദ്ധമായ ഇസ്മയില്‍ ഫാറൂഖി കേസില്‍ സുപ്രീംകോടതി വിധി.
2002 ഏപ്രില്‍: തര്‍ക്ക പ്രദേശത്തിന്റെ അവകാശികളെ കണ്ടെത്തുന്നതിനായി ഹൈക്കോടതിയില്‍ വാദം ആരംഭിച്ചു.
2003 മാര്‍ച്ച് 13: സര്‍ക്കാര്‍ ഏറ്റെടുത്ത അയോധ്യയിലെ പ്രദേശത്ത് യാതൊരുവിധ മതപരമായ ചടങ്ങുകളും അനുവദിക്കില്ലെന്ന് അസ്ലം ഭുരെ കേസില്‍ സുപ്രീംകോടതി വിധി. 2010 സപ്തംബര്‍ 30: തര്‍ക്കപ്രദേശത്തെ രാംലാലയ്ക്കും നിര്‍മോഹി അഖാഡയ്ക്കും സുന്നി വഖഫ് ബോര്‍ഡിനുമായി തുല്യമായി വിഭജിച്ചു നല്കാന് അലഹബാദ് ഹൈക്കോടതി ഉത്തരവ്.
2011 മെയ് 9: അയോധ്യാ ഭൂമി തര്‍ക്കക്കേസില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
2017 മാര്‍ച്ച് 21: ആറുവര്‍ഷം സുപ്രീംകോടതിയില്‍ കെട്ടിക്കിടന്ന കേസ് കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ സാധിക്കുമോയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹര്‍ ആരാഞ്ഞു.
2017 ആഗസ്ത് 7: മോസ്ക്ക് ഇസ്ലാംമതത്തില്‍ നിര്‍ബന്ധമല്ലെന്ന 1994ലെ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് സുപ്രീംകോടതി രൂപീകരിച്ചു.
2018 ഫെബ്രുവരി 8: ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം അയോധ്യയുമായി ബന്ധപ്പെട്ട സിവില്‍ അപ്പീലുകള്‍ സുപ്രീംകോടതി പരിഗണിക്കുന്നു.
2018 ജൂലൈ 20: സിവില്‍ അപ്പീലുകളിന്മേല് വിധി പറയാന്‍ മാറ്റി.
2018 സപ്തംബര്‍ 27: അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് കേസുകള്‍ മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി നിരസിക്കുന്നു. മൂന്നംഗ ബെഞ്ചിലേക്ക് കേസ് വിടുന്നു.
2018 ഒക്ടോബര്‍ 29: ഏതു ബെഞ്ച് പരിഗണിക്കണമെന്ന് നിശ്ചയിച്ച് അടുത്ത ജനുവരി ആദ്യവാരം കേസെടുക്കുമെന്ന് സുപ്രീംകോടതി. കേസ് ജനുവരി 4ന് പരിഗണിക്കാന്‍ പി
ന്നീട് തീരുമാനിച്ചു. 4ന് കേസെടുക്കുകയും പത്തിന് ഏതു ബെഞ്ച് വേണമെന്ന് ഉത്തരവിറക്കുമെന്ന് വ്യക്തമാക്കാമെന്നും പറഞ്ഞു പിരിഞ്ഞു.
2019 ജനുവരി 8: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതായി സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്. ഡി.വൈ. ചന്ദ്രചൂഡ് എന്നിവരായിരുന്നു അംഗങ്ങള്‍. എന്നാല്‍, പിന്നീട് യു.യു. ലളിതിനെയും എന്‍.വി. രമണയെയും ഒഴിവാക്കി ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എസ്.എ. നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനുവരി 25ന് പുതിയ ഉത്തരവിറക്കി.
2019 ജനുവരി 29: അയോധ്യയിലെ തര്‍ക്കപ്രദേശത്തിന് സമീപത്ത് ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്കാന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയോട് അനുമതി തേടി.
മാര്‍ച്ച് 8: കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ ജസ്റ്റിസ് എഫ്.എം. ഖലിഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, അഡ്വ. ശ്രീരാം പാഞ്ചു എന്നിവരുടെ മധ്യസ്ഥ സംഘത്തെ പ്രഖ്യാപിച്ചു.
മെയ് 9: മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കുന്നു. ആഗസ്ത് 15വരെ മധ്യസ്ഥ സമിതിക്ക് ദൗത്യം പൂര്‍ത്തിയാക്കാന്‍ സമയം നല്കുന്നു. എന്നാല്‍, ആഗസ്ത് ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ അന്തിമ വാദ നടപടികളിലേക്ക് കോടതി കടന്നു.
ആഗസ്ത് 6: അയോധ്യാ കേസിലെ അന്തിമ വാദത്തിന് ആരംഭം. 1934 മുതല്‍ രാംലാലയില്‍ പൂജയുണ്ടെന്നും അക്കാലം മുതല്‍ മുസ്ലീങ്ങള്‍ക്ക് അവിടെ പ്രവേശനമുണ്ടായിരുന്നില്ലെന്നും നിര്‍മോഹി അഖാഡയുടെ വാദം. ശ്രീരാമ വിഗ്രഹത്തെത്തന്നെ കേസിലെ കക്ഷിയായി കണക്കാക്കി വാദിക്കാന്‍ രാംലാലയ്ക്ക് അഞ്ചു ദിവസങ്ങള്‍ ലഭിച്ചത് നിര്‍ണായകമായി.
തുടര്‍ന്ന് 40 ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ഉന്നത നീതിപീഠം സാക്ഷ്യം വഹിച്ചു. ഹിന്ദു കക്ഷികള്‍ 15 ദിവസവും മുസ്ലിം കക്ഷികള്‍ 20 ദിവസവും വാദിച്ചു. അഞ്ചു ദിവസം ഇരുകക്ഷികളുടേയും അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ വീണ്ടും അവസരം ലഭിച്ചു.
ഒക്ടോബര്‍ 16: വാദം പൂര്‍ത്തിയാക്കി കേസ് വിധിപറയാന്‍ മാറ്റി.
നാള്‍വഴികള്‍-
1528- രാമജന്മഭൂമിയിലെ രാമക്ഷേത്രം തകര്‍ത്ത് മുസ്ലിം പള്ളിപണിയാന്‍ ബാബര്‍ ഉത്തരവിട്ടു.
1590- ത്രേതാ യുഗത്തിലെ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയായി അയോധ്യയെ അബുല്‍ ഫസല്‍, അയ്നി അകബരിയില് രേഖപ്പെടുത്തി.
1608-11 രാമക്ഷേത്രം തകര്‍ത്തതായി ഡബ്ല്യു. ഫിഞ്ച് സ്ഥിരീകരിച്ചു.
1717- ജയ്പൂരിലെ സവായ് ജയ് സിങ്ങിന് അയോധ്യയിലെ 983 ഏക്കര്‍ ഭൂമി പതിച്ചു നല്കി. മുസ്ലിം പള്ളിയുടെ മൂന്ന് താഴികക്കുടങ്ങള്‍ അവിടെ ഉണ്ടായിരുന്നതായി മാപ്പില്‍ രേഖപ്പെടുത്തിയിരുന്നു.
1735- നാവാബ് സാദത് അലിയുടെ ഭരണകാലത്ത് കനത്ത ഹിന്ദു-മുസ്ലിം സംഘര്‍ഷം ഉടലെടുത്തു.
1766-71- ജെ. ടെയ്ഫെന്‍തലര്‍(ജെസ്യൂട്ട് പ്രീസ്റ്റ്) അയോധ്യ സന്ദര്‍ശിച്ച് ബാബര്‍ രാമക്ഷേത്രം തകര്‍ത്തതായി റിപ്പോര്‍ട്ട് ചെയ്തു.
1854- ബാബര്‍ രാമക്ഷേത്രം തകര്‍ത്തതായി ഇ. തോര്‍ട്ടണ്‍ ഈസ്റ്റ് ഇന്ത്യ ഗസറ്റിലും രേഖപ്പെടുത്തി.
1855- രാജാ മാന്‍സിങ്ങും രാജാ കൃഷ്ണ ദത്തയും 12000 ഹിന്ദുക്കളുമായി തര്‍ക്കമന്ദിരം വളഞ്ഞു.
1856- ബ്രിട്ടീഷുകാര്‍ അവധ് പിടിച്ചെടുത്തു.
1857- തര്‍ക്കമന്ദിരത്തിനും മണ്ഡപത്തിനുമിടയില്‍ ബ്രിട്ടിഷുകാര്‍ വേലി കെട്ടി.
1858- ഹിന്ദുക്കള്‍ പള്ളികൈയേറിയെന്നും പതാകയുയര്‍ത്തിയെന്നും വിഗ്രഹം പ്രതിഷ്ഠിച്ചെന്നും അസ്ഗര്‍ മുഹമ്മദ് ഖാതിബ്, മുവാസിന് ആരോപിച്ചു.
1885 ഡിസംബര്‍- രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സബ് ജഡ്ജ് എസ്. കെ. കൗള്‍ തള്ളി.
1886- ഹിന്ദുക്കള്‍ ദൈവികമായി കരുതുന്ന ഭൂമിയില്‍ മുസ്ലീങ്ങള്‍ മസ്ജിദ് നിര്‍മിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ജഡ്ജി. കേണല്‍ ചാമിയര്‍ നിരീക്ഷിച്ചു.
1934- കന്നുകാലി കശാപ്പിനെ തുടര്‍ന്ന് ഹിന്ദു-മുസ്ലിം സംഘര്‍ഷം.
1936- തര്‍ക്കമന്ദിരം പ്രാര്‍ഥനകള്‍ക്ക് ഉപയോഗിക്കാതായി.
1938- മസ്ജിദ് ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും മുസ്ലീങ്ങള്‍ നമാസിനായി പ്രദേശത്തേക്ക് കടക്കാന്‍ പോലും ഭയപ്പെടുന്നതായും ജില്ലാ വഖഫ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
1949- ഡിസംബര്‍ 22ന് രാത്രി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു
1949 ഡിസംബര്‍ 29- സര്‍ക്കാര്‍ റിസീവറെ നിയമിച്ചു.
1950 ജനുവരി 15- പൂജാരികള്‍ വിഗ്രഹ പൂജ നടത്തി.
1950 ജനുവരി 16- വിഗ്രഹങ്ങള്‍ നീക്കം ചെയ്യുന്നത് തടഞ്ഞ സിവില്‍ ജഡ്ജി പൂജാരികള്‍ക്ക് ക്ഷേത്രത്തില്‍ കടക്കാന്‍ അനുമതി നല്കി
1950 ഏപ്രില്‍ 26- സിവില്‍ ജഡ്ജിയുടെ ഉത്തരവിനെതിരെ അപ്പീല്‍. അയോധ്യയിലെ ഹിന്ദു-മുസ്ലിം സംഘര്‍ഷത്തില്‍ 75 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
1961 വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ സുന്നി വഖഫ് ബോര്‍ഡ് അപ്പീല്‍ നല്കി.
1984 തര്‍ക്കമന്ദിരം നീക്കം ചെയ്യാന്‍ വിഎച്ച്പി ആഹ്വാനം ചെയ്തു. രാമജന്മഭൂമി മുക്തി യജ്ഞ സമിതി രൂപീകൃതമായി.
1986 അനിയന്ത്രിത ക്ഷേത്രദര്‍ശനത്തിനും പൂജയ്ക്കും ഉമേഷ് പാണ്ഡെ സമര്‍പ്പിച്ച അപേക്ഷ മുന്‍സിഫ് കോടതി തള്ളി.
1986 ഫെബ്രുവരി ഒന്ന്- തര്‍ക്കമന്ദിരത്തിന്റെ താഴുകള്‍ തുറക്കാന്‍ ജസ്റ്റിസ് പാണ്ഡെ ഉത്തരവിട്ടു.
1986 ഫെബ്രുവരി 5- ഫെബ്രുവരി പന്ത്രണ്ടാം തീയതി കരിദിനമായി ആചരിക്കാന്‍ സെയ്ദ് ഷഹാബുദ്ദീന് ആഹ്വാനം ചെയ്തു. കോടതി വിധി എതിര്‍ക്കാന്‍ ഓള് ഇന്ത്യ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
1986 മാര്‍ച്ച് 12- പാണ്ഡെയുടെ വിധിക്കെതിരെ യുപി സുന്നി വഖഫ് ബോര്‍ഡ് അപ്പീല്‍ നല്കി.
1986 ഡിസംബര്‍ 22- മുസ്ലീങ്ങളോട് റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് ആഹ്വാനം ചെയ്തു. എന്നാല്‍ പിന്നീട് പിന്‍വലിച്ചു.
1989 നവംബര്‍ 7- രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ഫുള്‍ ബെഞ്ചിന്റെ അനുമതി.
1989 നവംബര്‍ 11- വിഎച്ച്പി രാമക്ഷേത്ര ശിലാസ്ഥാപനം നിര്‍വഹിച്ചു. 1990 ഫെബ്രുവരി 8ന് ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രശ്നപരിഹാരത്തിനായി ഒക്ടോബര്‍ മുതല്‍ നാല് മാസത്തെ കാലാവധി കേന്ദ്ര സര്‍ക്കാരിന് നല്കി.
1990 ജനുവരി 27- പ്രശ്നപരിഹാരത്തിന് നാല് മാസം കൂടി വേണമെന്ന് പ്രധാനമന്ത്രി വി.പി. സിങ് ആവശ്യപ്പെട്ടു. ക്ഷേത്രനിര്‍മാണം നീട്ടിവയ്ക്കാന്‍ വിഎച്ച്പി തയാറായി.
1990 സപ്തംബര്‍ 25- ബിജെപി നേതാവ് എല്‍.കെ. അദ്വാനി സോമനാഥ് മുതല്‍ അയോധ്യ വരെ രഥയാത്ര ആരംഭിച്ചു.
1990 ഒക്ടോബര്‍ 19- പ്രത്യേക ഓര്‍ഡിനന്‍സിലൂടെ അയോധ്യ തര്‍ക്കഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടി.
1990 ഒക്ടോബര്‍ 21- ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിച്ചു.
1990 ഒക്ടോബര്‍ 23- എല്‍.കെ. അദ്വാനി ബീഹാറില്‍ അറസ്റ്റിലായി. കേന്ദ്ര സര്‍ക്കാരിനു നല്കിയ പിന്തുണ ബിജപി പിന്‍വലിച്ചു.
1990 ഒക്ടോബര്‍ 30- അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുലായം സിങ് യാദവ് സര്‍ക്കാര്‍ കര്‍സേവകരെ അടിച്ചൊതുക്കി.
1990 നവംബര്‍ 2- മുലായം സിങ് യാദവ് ഹിന്ദുക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടു. അയോധ്യയില്‍ കലാപം. നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
1990 നവംബര്‍ 7- കേന്ദ്ര സര്‍ക്കാര്‍ താഴെ വീണു.
1990 നവംബര്‍ 10- കോണ്‍ഗ്രസ് പിന്തുണയോടെ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ അധികാരമേറ്റു.
1990 ഡിസംബര്‍ 2- 1991 ജനുവരി 25- വിഎച്ച്പിയും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും ഒത്തുതീര്‍പ്പ് ചര്‍ച്ച ആരംഭിച്ചു.
1991 മെയ്, ജൂണ്‍- യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. കല്യാണ്‍ സിങ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
1992 ഡിസംബര്‍ 6- മൂന്നു ലക്ഷം കര്‍സേവകര്‍ അയോധ്യയില്‍ ഒത്തുകൂടി. തര്‍ക്കമന്ദിരം തകര്‍ന്നു.
1992 ഡിസംബര്‍ 6,8- കര്‍സേവകര്‍ അയോധ്യയില്‍ താത്കാലിക ക്ഷേത്രം പണിത് രാംലാല വിഗ്രഹം പ്രതിഷ്ഠിച്ചു.
1992 ഡിസംബര്‍ 6ന് ശേഷം- തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളെ പ്രധാനമന്ത്രി റാവു പിരിച്ചു വിട്ടു. വിഎച്പി, ശിവസേന, ആര്‍എസ്എസ് സംഘടനകളെ നിരോധിച്ചു. നിരവധി പേരെ ജയിലിലടച്ചു.
2001 ആഗസ്ത്- ഹിന്ദു സംഘടനകളുടെ വിലക്ക് നീക്കി.
ഇരു പക്ഷവും ഉന്നയിച്ച വാദങ്ങള്‍-
നിര്‍മോഹി അഖാഡ, രാംലാല വിരാജ്മാന്,ഓള് ഇന്ത്യ ഹിന്ദു മഹാസഭ, രാമജന്മഭൂമിന്യാസ്
അയോധ്യയിലെ മുഴുവന്‍ പ്രദേശവും ശ്രീരാമ ജന്മഭൂമിയുടെ ഭാഗമാണ്. ശ്രീരാമ ഭഗവാന് ജനിച്ച സ്ഥലമാണ് അയോധ്യ. ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണത്.
ശ്രീരാമന് അവിടെയാണ് ജനിച്ചത് എന്നതിന്റെ പ്രധാന തെളിവ് ഭക്ത സമൂഹത്തിന്റെ വിശ്വാസം തന്നെയാണ്.
ശ്രീരാമ ജന്മസ്ഥാന് എന്നത് നിയമപരമായ അവകാശങ്ങളുള്ള വ്യക്തിയാണ്. ശ്രീരാമ ജന്മസ്ഥാനെന്നത് പൂജിക്കപ്പെടുന്ന രാമവിഗ്രഹത്തിന്റെ വ്യക്തിവല്‍ക്കരണമാണ്. ഭഗവാന്റെ അംശം ജന്മസ്ഥാനില്‍ ഉണ്ടെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഹിന്ദുമത വിശ്വാസത്തില്‍ അത്രയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് അയോധ്യയിലെ ശ്രീരാമജന്മസ്ഥാന്‍.
രാമജന്മഭൂമിക്ക് മുകളില്‍ മുസ്ലിം പള്ളി നിര്‍മിച്ച ശേഷവും രാമജന്മഭൂമിയുടെ ദൈവീകത ഇല്ലാതായില്ല. ക്ഷേത്രം തകര്‍ക്കപ്പെട്ട ശേഷവും ക്ഷേത്രത്തിന്റെ പവിത്രതയും ഇല്ലാതായില്ല.
മുസ്ലീങ്ങള്‍ അവിടെ അവരുടെ മതാചാര പ്രകാരമുള്ള പ്രാര്‍ഥന നടത്തിയിട്ടുണ്ടാവാം. എന്നാല്‍ അത് രാമജന്മഭൂമിക്ക് മേലുള്ള അവരുടെ അവകാശത്തെ സാധൂകരിക്കില്ല. ബാബറി മസ്ജിദിന് അകത്തുണ്ടായിരുന്ന മനുഷ്യരുടേയും മൃഗങ്ങളുടേയും ചിത്രങ്ങള്‍ അതൊരു പള്ളിയായിരുന്നു എന്നവാദത്തെ തള്ളുന്നവയാണ്. ഇത്തരം ചിത്രങ്ങള്‍ ഇസ്ലാംമതത്തില്‍ ഇല്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കണം.
കേന്ദ്രപുരാവസ്തു വകുപ്പ് 2003ല്‍ വ്യക്തമാക്കിയിട്ടുണ്ട് തര്‍ക്ക പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നു എന്ന കാര്യം.
ആചാരങ്ങള്‍ നിര്‍വഹിക്കാനുള്ള അവകാശം ഹിന്ദുസമൂഹത്തിനുണ്ട്. നൂറ്റാണ്ടുകളായുള്ള ആചാരാനുഷ്ടാനങ്ങള്‍ തുടരാന്‍ ഹിന്ദുവിന് സംരക്ഷണം നല്‍കേണ്ടതുണ്ട്.
ഒരു തര്‍ക്ക പ്രദേശത്ത് പള്ളി നിര്‍മിക്കാന്‍ ഇസ്ലാം മതത്തിന്റെ പ്രാമാണിക ഗ്രന്ഥമായ ഖുറാന് അനുമതി നല്‍കുന്നില്ല.
മുഗള്‍ രാജാവ് ബാബറിന്റെ അധീനതയിലല്ലാത്ത സ്ഥലത്ത് പള്ളി പണിയാന്‍ യാതൊരു അവകാശവുമില്ല. അതുപോലെ തന്നെ സുന്നി വഖഫ് ബോര്‍ഡിനും അയോധ്യയിലെ ഭൂമിയില്‍ അവകാശം ഉന്നയിച്ച് കേസ് നടത്താനാവില്ല.
നൂറ്റാണ്ടുകളായി അയോധ്യയില്‍ ക്ഷേത്രം നിലനിന്നിരുന്നു. വിക്രമാദിത്യ മഹാരാജാവ് പണികഴിപ്പിച്ച ക്ഷേത്രമായിരുന്നു അത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇതു പുനര്‍നിര്‍മിച്ചു.
1526ല്‍ മുഗള്‍ ആക്രമണകാരി ബാബര്‍ അയോധ്യയിലെ ക്ഷേത്രം തകര്‍ത്തു. 17-ാം നൂറ്റാണ്ടില്‍ ഔറംഗസീബും അയോധ്യയിലെ രാമക്ഷേത്രം തകര്‍ത്തു. ചരിത്ര-പൗരാണിക പുസ്തകങ്ങളായ സ്കന്ദ പുരാണത്തില്‍ യാത്രാ രേഖകളിലും ശ്രീരാമന് ജനിച്ച മണ്ണായാണ് അയോധ്യയെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഖുറാനെയും ഹാദിത്തിനെയും ലംഘിക്കുന്നതാണ് അയോധ്യയിലെ പള്ളിയെപ്പറ്റിയുള്ള മുസ്ലിം ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍.
സെന്‍ട്രല്‍ സുന്നി വഖഫ് ബോര്‍ഡ്, മുഹമ്മദ് ഇഖ്ബാല്‍ അന്‍സാരി, എം സിദ്ദിഖ്, സെന്‍ട്രല്‍ ഷിയ വഖഫ് ബോര്‍ഡ്
ക്ഷേത്രം തകര്‍ത്താണോ പള്ളി പണിതത് എന്നതു സംബന്ധിച്ച കേന്ദ്രപുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട് സമഗ്രമല്ല. പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഒപ്പില്ലാതെയാണ് സമര്‍പ്പിക്കപ്പെട്ടത്. ഏതു ഉദ്യോഗസ്ഥനാണ് അവസാന അപഗ്രഥനം നടത്തിയതെന്ന് ഇതില്‍ വ്യക്തമല്ല.
തര്‍ക്കപ്രദേശം നിലനില്‍ക്കുന്ന ഇടമല്ല ഭഗവാന് രാമന്റെ ജന്മസ്ഥലം. അവിടെ ബാബറുടെ കാലത്ത് നിര്‍മിച്ച ബാബറി മസ്ജിദ് എന്ന പള്ളിയാണ്.
തര്‍ക്കമന്ദിരത്തിന്റെ അകത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥന നടത്തിയെന്നതിന് യാതൊരു തെളിവുകളുമില്ല. പുറംവശത്തുള്ള രാംലാല എന്ന ഭാഗത്താണ് പ്രാര്‍ഥനകള്‍ നടന്നത്.
1949ല്‍ മാത്രമാണ് വിഗ്രഹം മന്ദിരത്തിന് അകത്തേക്ക് കയറ്റുന്നത്.
ചില സഞ്ചാരികളുടെ പുസ്തകങ്ങള്‍ മാത്രമാണ് ഹിന്ദുകക്ഷികള്‍ തെളിവുകളായി ഉദ്ധരിക്കുന്നത്.
എല്ലാ രേഖകളിലും മുസ്ലിംപള്ളി അവിടെയുണ്ടായിരുന്നതിന് തെളിവുണ്ട്. എന്നാല്‍ ശ്രീരാമജന്മസ്ഥാന്‍ അതാണെന്നതിന് യാതൊരു സ്ഥിരീകരണവും ലഭ്യമല്ല.
പഴയകാല ഭരണാധികാരികളുടെ പ്രവൃത്തികളിലേക്ക് അധികം ചികയുന്നതില്‍ അര്‍ഥമില്ല.
അയോധ്യയിലെ ഹിന്ദുക്കളുടെ അവകാശ സ്ഥാപനം അനധികൃത പ്രവൃത്തികളിലൂടെയും അതിക്രമിച്ചു കയറിയതിലൂടെയും സൃഷ്ടിച്ചെടുത്തതാണ്. 1949ലും 1992ലും അതാണ് ഹിന്ദുക്കള്‍ പള്ളിയോട് ചെയ്തത്.
1528 മുതല്‍ അയോധ്യയില്‍ മുസ്ലിം പള്ളി നിലനില്‍ക്കുന്നുണ്ട്.
1855, 1934 വര്‍ഷങ്ങളില്‍ പള്ളി ആക്രമിക്കപ്പെട്ടു. 1949 ഡിസംബര്‍ 22ന് അതിക്രമിച്ചു കയറി. 1992ല്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഇതിനെല്ലാം ഔദ്യോഗിക രേഖകള്‍ നിലവിലുള്ളതാണ്.
ബാബറി മസ്ജിദിന് ബാബറും പിന്നീട് നവാബുമാരും നല്‍കിവന്ന ഗ്രാന്റ് തുടരാന്‍ ബ്രിട്ടീഷ് സര്‍ക്കാരും അനുമതി നല്‍കിയതാണ്.
1949 ഡിസംബര്‍ 22 വരെ മുസ്ലീങ്ങള്‍ അയോധ്യയിലെ ബാബറി മസ്ജിദില്‍ പ്രാര്‍ഥന നടത്തിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: