ന്യൂദല്‍ഹി: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലിം പ്രൊഫഷണലുകളുമായി കൂടിക്കാഴ്‌ച്ച നടത്തി ആര്‍എസ്എസ്. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലായിരുന്നു ഇന്നലെ രാത്രി കൂടിക്കാഴ്ചയും സംവാദവും. സുപ്രീംകോടതി അയോധ്യ കേസില്‍ ഇന്ന് വിധി പ്രസ്താവന നടത്തുമെന്ന് വെള്ളിയാഴ്‌ച്ച അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം ചേരുകയായിരുന്നു.
രാമജന്മഭൂമി വിധി പ്രസ്താവന പുറത്തുവരുമ്പോള്‍ സുപ്രീംകോടതി ഉത്തരവ് എന്തായാലും അത് സ്വീകരിക്കണെന്നും ഇരുകൂട്ടരും അറിയിച്ചു. ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാലിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്‌ച്ച നടത്തിയത്. അതേസമയം ബിജെപി ന്യൂനപക്ഷ വിഭാഗം അംഗമായ അതീഫ് റഷീദ് രാജ്യത്തെ വിവിധ വിഭാഗങ്ങളിലുള്ള പ്രതിനിധികളുടെ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള അമ്പതോളം പ്രതിനിധികളുടെ യോഗമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വിധി പ്രസ്താവന സമൂഹം ഏത് വിധത്തില്‍ എടുക്കും എന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായാണ് ഇത്. വിവിധ മുസ്ലിം മത സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തതായാണ് സൂചന.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുമ്പ് വിധി പ്രസ്താവന നടത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ രാജ്യത്തെ മുസ്ലിം പണ്ഡിതരുമായി കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്‌ച്ച നടത്തി.കൂടാതെ ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും, പോലീസ് സേനയില്‍ നിന്നും വിരമിച്ച വ്യക്തികള്‍, മുന്‍ പ്രതിരോധ സൈനിക നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തി.
ഈ വിഷയത്തില്‍ ആര്‍എസ്എസ് ഇതുവരെ ഉന്നതതല സംഘവുമായി അഞ്ചോളം മീറ്റിങ്ങുകള്‍ നടത്തിക്കഴിഞ്ഞു. വിധി പ്രസ്താവന രാജ്യത്തെ ഹിന്ദു മുസ്ലിം പാരമ്പര്യത്തെ മുന്‍ നിര്‍ത്തി ഐക്യത്തോടെയും സമാധാനത്തോടേയും സ്വീകരിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് ആര്‍എസ്എസ് യോഗം ചേര്‍ന്നത്.
















