ന്യൂദല്‍ഹി : കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പുരില്‍ നിര്‍വ്വഹിക്കും. ഇന്ത്യയിലെ സിഖ് ജനതയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇതിലൂടെ പൂര്‍ത്തിയാകുന്നത്.
ഉദ്ഘാടനത്തിനുശേഷം ആദ്യ ഇന്ത്യന്‍ പ്രതിനിധി സംഘം ഇടനാഴിയിലൂടെ കര്‍താര്‍പുരിലേക്ക് പോകും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, നവ്‌ജ്യോത് സിങ് സിദ്ദു, സണ്ണി ഡിയോള്‍ എംപി തുടങ്ങി അഞ്ഞൂറോളം പ്രതിനിധികളാണ് പ്രത്യേക സംഘത്തിലുള്ളത്.
പ്രതിദിനം അയ്യായിരം തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായിട്ടുണ്ട്. സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമായ ഇവിടേക്ക് ഇന്ത്യയില്‍ നിന്ന് ഒരു പാത വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ പൂര്‍ത്തീകരിക്കപ്പെടുന്നത്.
സിഖ് വിശ്വാസികളോടുള്ള വാഗ്ദാനപാലനം തന്റെ കര്‍ത്തവ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. സിഖ് മതാചാര്യനായ ഗുരുനാനാക്കിന്റെ സമാധിസ്ഥലമാണ് കര്‍താര്‍പുര്‍ ഗുരുദ്വാര. വിഭജനാനന്തരം ഈ പ്രദേശം പാക്കിസ്ഥാനില്‍ ഉള്‍പ്പെടുകയായിരുന്നു.
















