ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുംബൈ ഭീകരാക്രമണം നടത്തിയ പാക് ഭീകരന്‍ അജ്മല്‍ കസബിനോട് താരതമ്യം ചെയ്ത് എന്‍സിപി നേതാവ്. ആഷ് മേതെ എന്നയാള്‍ ട്വിറ്ററിലൂടെയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
മറാത്തി ഭാഷയില്‍ നല്‍കിയ ട്വീറ്റ് വിവാദമായതോടെ ആഷിഷ് പിന്‍വലിച്ചു. ഭീകരാക്രമണം നടത്തുന്നതിനിടെ സിഎസ്ടി സ്റ്റേഷനില്‍ വെച്ച് പിടിയിലായ പാക് പൗരന്‍ അജ്മല്‍ കസബ് തുകറാം ഓംബ്ലെയുമായുമായുള്ള ഏറ്റുമുട്ടലില്‍ കരഞ്ഞുകൊണ്ടാണ് കീഴടങ്ങിയത്.
ഭരണത്തില്‍ വിജയിക്കാന്‍ ആയെങ്കിലും ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിക്ക് 54 സീറ്റ് ലഭിച്ചതോടെ മോദി ഇപ്പോള്‍ കരയുകയാണെന്നായിരുന്നു എന്‍സിപി നേതാവിന്റെ ട്വീറ്റ്. 2012ല്‍ മുംബൈയില്‍ ഭീകരാക്രമണം നടത്തുകയും തുടര്‍ന്ന് പിടിയിലായി ഇന്ത്യ വിചാരണ ചെയ്ത് തൂക്കിലേറ്റിയ പാക് പൗരന്‍ അജ്മല്‍ കസബിനോട് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഉപമിച്ചതില്‍ സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 2012ലാണ് കസബിനെ വധശിക്ഷയ്‌ക്ക് വിധേയനാക്കുന്നത്.
അതേസമയം ട്വീറ്റ് വിവാദമായതോടെ ഇത് പിന്‍വലിച്ച് കസബിന്റെ പേര് ചേര്‍ക്കാതെ ആഷിഷ് മറ്റൊന്ന് നല്‍കി. മോദി കരയുകയാണ്. മഹാരാഷ്‌ട്രയില്‍ 105 സീറ്റ് ബിജെപിക്ക് നേടാനായെങ്കിലും അതിനെ പ്രതിരോധിക്കുന്നതിനുള്ള 54 സീറ്റ് എന്‍സിപിക്കാണ് ലഭിച്ചത്.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി കൈയ്യടക്കി വെച്ചിരുന്ന ചില സീറ്റുകള്‍ വരെ എന്‍സിപിക്ക് നേടാനായെന്നും ബിജെപി അവകാശപ്പെട്ടു. ശിവസേനയുമായി സഖ്യത്തില്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് സാധിക്കൂ എന്നും അദ്ദേഹം അറിയിച്ചു.
ഭൂരിപക്ഷമില്ലാത്തതിനാല്‍ എന്‍സിപി- കോണ്‍ഗ്രസ് സഖ്യം മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് ഇല്ലെന്ന് എന്‍സിപി- കോണ്‍ഗ്രസ് സഖ്യം നേരത്തെ വ്യക്തമാക്കിയതാണ്. പ്രതിപക്ഷത്തിരിക്കാനാണ് താത്പ്പര്യപ്പെടുന്നതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പാര്‍ട്ടി നേതാവ് തന്നെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 24ന് പുറത്തുവന്ന മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് 105 സീറ്റുകളാണ് നേടിയത്. സഖ്യ കക്ഷിയായ ശിവ്‌സേന 56 സീറ്റുകളും നേടി. ഇരു വിഭാഗവും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി വരികയാണ്.
















