ബെയ്ജിങ്: ചെവി വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പത്തോളം പാറ്റകളാണ് 24 കാരനായ എല്‍വിയുടെ ചെവിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ കിടക്കയ്‌ക്കരികില്‍ വച്ചുകിടന്നതുകൊണ്ടാകാം പ്രാണികള്‍ ചെവിക്കുള്ളില്‍ കടന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ചെവിക്കുള്ളിലുണ്ടായ അസഹനീയമായ വേദനയെത്തുടര്‍ന്ന് രാത്രി ഉറക്കമുണര്‍ന്ന എല്‍വി ചെവക്കുള്ളില്‍ എന്താണെന്നു പരിശോധിക്കാന്‍ കുടംബാംഗത്തോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ടോര്‍ച്ചടിച്ചുനോക്കിയപ്പോള്‍ കണ്ടത് ചെവിക്കുള്ളില്‍ വലിയൊരു പാറ്റയിരിക്കുന്നതാണ്. ഉടന്‍തന്നെ എല്‍വി ഹുയിഷോ നഗരത്തിലെ സാന്‍ഹെ ആശുപത്രിയില്‍ ചെവി പരിശോധിക്കാനായി ചെന്നു. പത്തിലധികം പാറ്റകളെയാണ് ഡോക്ടര്‍മാര്‍ ചെവിക്കുള്ളില്‍ നിന്നും കണ്ടെത്തിയത്. ഒരു ട്വീസറിന്റെ സഹായത്തോടെയാണ് പാറ്റകളെ നീക്കംചെയ്തത്. എന്നാല്‍ പാറ്റാക്കുടുംബം എത്ര കാലം അവിടെ താമസിച്ചിരുന്നുവെന്ന് വ്യക്തമല്ല. മാസങ്ങള്‍ക്കു മുന്‍പ് ഫ്‌ലോറിഡ സ്വദേശിയായ യുവതിയുടെ കാതിലും സമാനമായ രീതിയില്‍ പാറ്റയെ കണ്ടെത്തിയിരുന്നു.
















