പത്തനംതിട്ട: കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോ-ഷോപ്പിങ് കോംപ്ലക്സ് ഈ തീര്‍ത്ഥാടനക്കാലത്തും തുറക്കില്ല. നാല് വര്‍ഷം മുന്‍പ് ആരംഭിച്ച പണികള്‍ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നുïെങ്കിലും കെട്ടിടത്തിന്റെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.
പ്ലംബിങ്-വയറിങ് ജോലികളും കൈവരികള്‍ സ്ഥാപിക്കുന്നതും പൂര്‍ത്തിയായിട്ടില്ല. തറയില്‍ ടൈലുകള്‍ പാകുന്ന ജോലികളും ബാക്കിയാണ്. നിലവില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ ബസ്സ്റ്റാന്റാകട്ടെ കുളമായ അവസ്ഥയിലും. ഈ തീര്‍ത്ഥാടനക്കാലത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം പത്തനംതിട്ടയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്ര ദുരിത പൂര്‍ണ്ണം ആകുമെന്ന് ഉറപ്പായി. പരിമിതമായ സൗകര്യങ്ങളും കുളമായ യാര്‍ഡുമാണ് ഇവിടെയുള്ളത്. ആവശ്യമായ ശുചിമുറി സൗകര്യം പോലും ഇല്ലാത്തത് തീര്‍ത്ഥാടകരെ വലയ്‌ക്കും. മകരവിളക്ക് ദിവസത്തെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ഒരുക്കേണ്ടതുണ്ട്. വിവിധ ഡിപ്പോകളില്‍ നിന്നായി ആയിരത്തിലേറെ ബസുകളാണ് പത്തനംതിട്ടയില്‍ എത്തിക്കുന്നത്.
ഇവയൊന്നും നിലവിലെ സൗകര്യത്തില്‍ ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യാന്‍ കഴിയില്ല. തീര്‍ത്ഥാടകര്‍ മാത്രമല്ല കെഎസ്ആര്‍ടിസി ജീവനക്കാരും അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്. 2015 സപ്തംബറിലാണ് പുതിയ ഡിപ്പോയുടെ നിര്‍മ്മാണം ആരംഭിച്ചത്. തുടക്കം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങിയത്. കരാറുകാരന് കുടിശിക ആയതോടെ പലതവണ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. പണികള്‍ പുനരാരംഭിച്ചാലും ഇഴഞ്ഞും മുടന്തിയുമാണ് നീങ്ങിയത്.
ഇപ്പോള്‍ രണ്ടു കോടിയിലേറെ രൂപ കരാറുകാരന് കുടിശിഖ ഇനത്തില്‍ നല്‍കാനുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ രണ്ട് വര്‍ഷം മുമ്പ് ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറികള്‍ ലേലത്തില്‍ നല്‍കുകയും ചെയ്തിരുന്നു. മുറികള്‍ എടുത്തവരം ഇപ്പോള്‍ വലഞ്ഞിരിക്കയാണ്. 2017 ജൂണില്‍ 47 ഓളം കടമുറികളാണ് ലേലം ചെയ്ത് നല്‍കിയത്. ഇതില്‍ നിന്നും ലഭിച്ച പണം നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. ലേലത്തില്‍ നിന്നും 5.50 കോടിയോളം രുപ ലഭിച്ചിരുന്നു. താഴത്തെ നിലയില്‍ 20ഉം ഒന്നാം നിലയില്‍ 27ഉം കടകളാണുള്ളത്. മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി 2017ലെ ശബരിമല തീര്‍ത്ഥാടനക്കാലത്ത് ഉദ്ഘാടനം നടത്തുമെന്നാണ് അന്ന് അധികൃതര്‍ പറഞ്ഞത്.
ഒമ്പത് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നത്. ഇതില്‍ രണ്ടര കോടി രൂപ അന്ന് എംഎല്‍എ യായിരുന്ന കെ. ശിവദാസന്‍ നായരുടെ ഫണ്ടില്‍ നിന്നും ബാക്കി 6.54കോടി കോര്‍പറേഷന്റെ വിഹിതവുമാണ്. പണം കൃത്യമായി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കരാറെടുത്ത തിരുവനന്തപുരം ആസ്ഥാനമായ ക്രസന്റ്കണ്‍സ്ട്രക്ഷന്‍ പലതവണ പണികള്‍ നിര്‍ത്തി വച്ചിരുന്നു. നിലവില്‍ ഡിടിഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ച് മാറ്റിവേണം അവസാനവട്ട പണികള്‍ പൂര്‍ത്തിയാക്കാന്‍. അതിനായി പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓഫീസുകള്‍ മാറ്റണം. പുതിയ കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ അടക്കം ഒരുക്കിയാലേ ഓഫീസുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ.
















