മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. കരാറിനൊപ്പം നില്ക്കാന് സാധിക്കില്ലെന്ന ശക്തവും സുവ്യക്തവുമായ നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരിക്കുന്നത്. ബാങ്കോക്ക് ഉച്ചകോടിയിലായിരുന്നു ഇന്ത്യയുടെ തീരുമാനം. ഇത് ഭാരതത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു തീരുമാനമാണ്. ഭാരതം ഉള്‍പ്പെടെ 16 രാജ്യങ്ങളാണ് ഈ കരാറില്‍ പങ്കാളികളാകാനിരുന്നത്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും വലിയ കരാറായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 2020 ഫെബ്രുവരിയിലാണ് കരാര്‍ ഒപ്പിടേണ്ടത്.
ഏതു കരാറായാലും ഒപ്പിട്ടു കഴിഞ്ഞാല്‍ അതിന്റെ എല്ലാ ഭാഗങ്ങളുമായും യോജിച്ചുപോവുക എന്നതാണ് രീതി. നഷ്ടങ്ങളും കോട്ടങ്ങളും സ്വാഭാവികം. അനുദിനം വികസനത്തിലേക്കും പുരോഗതിയിലേക്കും കുതിക്കുന്ന ലോകക്രമത്തില്‍ കരാറുകള്‍ നിരന്തരം ഉണ്ടാവുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യും. ഓരോരാജ്യത്തിന്റെയും ക്രയവിക്രയങ്ങളിലും ധനകാര്യ ഇടപാടുകളിലും കരാറിന്റെ സത്ത കൂടിയും കുറഞ്ഞുമിരിക്കും. അതൊരു ലോകസത്യമാണ്. ഓരോ നാടിന്റെയും ഉള്‍ത്തുടിപ്പുകള്‍ കണ്ടറിഞ്ഞും അനുഭവിച്ചും മുന്നോട്ടുപോവുന്ന ഭരണാധികാരിക്ക് കരാറുകള്‍ മുന്നോട്ടുവയ്ക്കുന്ന സംസ്കാരവും രീതിയും അറിയാന്‍ അത്രയൊന്നും വിഷമമുണ്ടാവില്ല. അതിനാല്‍തന്നെ രാജ്യങ്ങള്‍ക്കുണ്ടാകുന്ന ലാഭനഷ്ടങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും കഴിയും. ഇവിടെ ഭാരതത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് അതാണ്. കരാറിനെക്കുറിച്ച് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുവന്ന ആശങ്കകളും ആധികളും വിലയിരുത്തുന്നതിനും അതിനനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നതിനും കേന്ദ്രഭരണകൂടത്തിന് കഴിഞ്ഞിരിക്കുന്നുവെന്നതാണ് വാസ്തവം.
ആര്‍സിഇപി കരാര്‍ നിലവില്‍ വന്നാല്‍ അടിസ്ഥാനപരമായി ചിലപ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാവുമെന്നാണ് വിദഗ്ധരും ചില സംഘടനകളും ചൂണ്ടിക്കാട്ടിയത്. ഭാരതത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയ്ക്കാവും ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ നേരിടേണ്ടിവരികയെന്ന് വിശദീകരിക്കപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം അവലോകനം ചെയ്തും പര്യാലോചിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറില്‍ തല്ക്കാലം ഭാരതം ഭാഗമാകുന്നില്ലെന്ന് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശത്തിലെ രണ്ടുമുന്നു വരികള്‍ ഓരോ ഭാരതീയനെയും ആവേശഭരിതനാക്കുന്നതാണ്. ”ഗാന്ധിജിയുടെ രക്ഷായന്ത്രവും എന്റെ മനസ്സാക്ഷിയും കരാറില്‍ ചേരുന്നതില്‍ നിന്ന് എന്നെ തടയുന്നു” എന്നാണദ്ദേഹം പറഞ്ഞത്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആണിക്കല്ലായി വര്‍ത്തിക്കുന്ന കര്‍ഷകരുടെ ആത്മാംശം നിറഞ്ഞ വാക്കുകളാണത്. ഗാന്ധിജി വിഭാവനം ചെയ്ത സംശുദ്ധതയുടെ തെളിനാളമായി പരാമര്‍ശത്തെ കാണേണ്ടതുണ്ട്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് അന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയാനും അനുഭവിക്കാനും ഇത്തരം അവസരങ്ങള്‍ നിമിത്തമാവുന്നു എന്നുവേണം കരുതാന്‍.
കരാറില്‍നിന്ന് ആത്യന്തികമായി ഇന്ത്യ പിന്മാറുമ്പോള് ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. ലോകക്രമത്തില്‍ കൂട്ടായി നില്ക്കുന്ന രാജ്യങ്ങളുടെ വിലപേശല്‍ തന്ത്രത്തിനു മുമ്പില്‍ പകച്ചു
പോകാന്‍ ഇടയുണ്ട്. അതിനെതിരെ സൂക്ഷ്മവും സുശക്തവുമായ ഇടപെടലുകള്‍ നടത്തേണ്ടിവരും. അംഗരാജ്യങ്ങളെ ഇന്ത്യയുടെ ചിന്താധാര ബോധ്യപ്പെടുത്തേണ്ടിയും വരും. അങ്ങനെ കൂട്ടായ യത്നത്തിലൂടെ മാത്രമേ ഇന്ത്യന്‍ താല്പര്യങ്ങള് സംരക്ഷിക്കാനാവൂ. അതിന് പര്യാപ്തമായ ഒരു ഭരണകൂടമാണ് കേന്ദ്രത്തിലുള്ളതെന്നത് ഇതിനകം അനേകം അനുഭവങ്ങളിലൂടെ മനസിലായിട്ടുള്ളതാണ്. വികസന ഇന്ത്യയുടെ പോര്‍മുഖം സംഘര്‍ഷത്തിലേക്കല്ല സൗമനസ്യത്തിലേക്കും സൗഹാര്ദ്ദത്തിലേക്കുമാണ് തുറക്കുന്നതെന്ന് ഒട്ടേറെ അവസരങ്ങളിലൂടെ തെളിയിച്ചുകൊടുത്ത പ്രധാനമന്ത്രിയുടെ കൈയില്‍ രാജ്യം ഭദ്രമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയാണ് അതിന് തെളിവ്. ഇന്ത്യന്‍ സ്വത്വത്തെ തിരിച്ചറിയുന്ന ഭരണാധികാരിക്കേ അതിനു കഴിയൂ എന്നതില്‍ തര്‍ക്കമില്ലതാനും. വരാനിരിക്കുന്ന നാളുകളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളും അവലോകനങ്ങളും നടക്കും. അതിന്റെ ഫലം അനുസരിച്ചിരിക്കും കരാറുമായുള്ള ഇന്ത്യയുടെ ബന്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: