സ്തുതിമാത്രാധികരണം ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്. സൂത്രം സ്തുതിമാത്രമുപാദാനാദിതി ചേന്ന അപൂര്വ്വത്വാത് ഉദ്ഗീഥം മുതലായ ഉപാസ നകളുടെ കൂടെ പറഞ്ഞിട്ടുള്ളതിനാല്‍ സ്തുതിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. മറ്റൊരിടത്തും അത് പറഞ്ഞിട്ടില്ല.
ഉപാസനാ വര്‍ണ്ണനകള്‍ക്ക് അപൂര്വ്വത്വമുണ്ട്. മറ്റൊരു സ്ഥലത്ത് അവ പറഞ്ഞിട്ടില്ല. എന്നാല്‍ വിദ്യ പലയിടത്തും ഒരു പോലെ പറഞ്ഞിരിക്കുന്നതിനാല്‍ അപൂര്‍വ്വമല്ല. സ്തുതിയുമല്ല. അതിനാല്‍ ബ്രഹ്മവിദ്യ കര്‍മ്മത്തിന്റെ അംഗമല്ല.
ആത്മവിദ്യ കര്‍മ്മത്തിന്റെ അംഗമല്ല; അത് സ്വതന്ത്രവും മോക്ഷത്തെ നല്‍കുന്നതുമാണെന്ന് സമര്‍ത്ഥിക്കുകയാണ്. അതിന്റെ ഭാഗമായി ഈ സൂത്രത്തില്‍ പൂര്‍വ്വ പക്ഷത്തെ പറയുന്നു. യജ്ഞത്തെപ്പറ്റി വിവരിക്കുമ്പോള്‍ ഉദ്ഗീഥം മുതലായ ഉപസാനകളെ പറയുന്നിടത്ത് പൃഥിവി മുതലായവയേക്കാള്‍ കേമമാണ് ഓംകാരമെന്ന് പറയാറുണ്ട്. ഇത് ഉപാസനയുടെ മഹത്വം കാണിക്കാനാണ്. അതിനാല്‍ ഇവ സ്തുതിയാണ്. അതുപോലെയാണ് ഇവിടെ ബ്രഹ്മവിദ്യയെ പറയുന്നതും. ബ്രഹ്മവിദ്യ സ്വതന്ത്രവും മോക്ഷ കാരണവും എന്ന് പറയുന്നത് സ്തുതി മാത്രമാണെന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ അഭിപ്രായം. വിദ്യയുടെ മഹത്വത്തെ കാണിക്കുകയാണിവിടെ. വിദ്യയുടെ കര്‍മ്മാംഗത്തിന് കോട്ടം വരുന്നില്ല. അതിനാല്‍ കര്‍മത്തിന്റെ അംഗം തന്നെയാണ് ബ്രഹ്മവിദ്യ എന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.
എന്നാല്‍ ഈ അഭിപ്രായം ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. എന്തെന്നാല്‍ ഉപാസനാ സ്തുതി വാക്യങ്ങള്‍ അപൂര്‍വ്വങ്ങളാണ്.അതായത് അവ മറ്റ് എവിടെയും നിരൂപിക്കുകയോ വര്ണ്ണിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ സ്തുതി വാക്യങ്ങളാണ് എന്നറിയണം. എന്നാല്‍ വിദ്യ അങ്ങനെയല്ല. ശ്രുതികളിലും സ്മൃതികളിലുമായി നിരവധി സ്ഥലങ്ങളില്‍ വിദ്യയെ വര്‍ണ്ണിക്കുന്നുണ്ട്.
അവിടെയെല്ലാം വിദ്യയുടെ എല്ലാതരത്തിലുള്ള സ്വതന്ത്രഭാവത്തേയും മോക്ഷ കാരണത്വത്തേയും വ്യക്തമാക്കുന്നു. അതിനാല്‍ ഉപാസനാ വാക്യങ്ങള്‍ പോലെ അവ സ്തുതി വാക്യങ്ങളല്ല. അതിനാല്‍ വിദ്യ കര്‍മ്മത്തിന്റെ അംഗമല്ല എന്ന് ഉറപ്പാക്കാം.
സൂത്രം ഭാവശബ്ദാച്ച വിധി ഭാവത്തെ കാണിക്കുന്ന ശബ്ദങ്ങള്‍ ഉള്ളതിനാല്യം വിദ്യ കര്‍മ്മത്തിന്റെ അംഗമല്ല എന്ന് വ്യക്തമാകുന്നു.
ഛാന്ദോഗ്യത്തില്‍ ഉദ്ഗീഥമുപാസീത ഉദ്ഗീഥത്തെ ഉപാസിക്കണം, സാമോപാസീത സാമത്തെ ഉപാസിക്കണം എന്നിവിടങ്ങളിലെപ്പോലെ വിധി ഭാവത്തെ കാണിക്കുന്ന ശബ്ദങ്ങള്‍ പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്. ഇവിടെയൊക്കെ ഉപാസനത്തിനാണ് പ്രാധാന്യം. എന്നാല്‍ ഇതുപോലെയല്ല വിദ്യയുടെ വര്‍ണ്ണനം.ലിംഗാദിഭേദയോ വിധിഃ എന്ന ന്യായമനുസരിച്ച് ഉപാസനയില്‍ ഇത് വിധിയെ കാണിക്കുന്നതാണ്. ഓരോ പ്രകരണത്തിലും അതിന്റെ ഫലവും കാണാം.വിദ്യയ്ക്ക് ഇതു ബാധകമല്ല. അതിനാല്‍ വിദ്യയെ കര്മ്മാംഗമായി കണക്കാക്കാനാവില്ല.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: