അങ്ങുകിഴക്കുനിന്നോടിക്കിതച്ചെത്തി-
ആഴിയില്‍ മുങ്ങിക്കുളിച്ചു സൂര്യന്
കരിമ്പടം നന്നായി വിരിച്ചുടന്‍ രാവ്-
ഗഗനത്തില്‍ പൂത്തുവാ താരകജാലവും
അധികമാരും പുറംലോകമറിയാതെ-
മാനുഷര്‍ വാഴുന്ന നല്ല ഗ്രാമം
ഈ ഗ്രാമപാതയ്ക്കരികിലോരു വീട്ടില്‍-
സന്ധ്യവിളക്കൊന്നു കണ്‍തുറന്നു
ചാണകം തേച്ചുപിടിപ്പിച്ച തറയിലായ്
ക്ലാവുപിടിച്ച വിളക്കിലെദീപം
അടുക്കളയിലപ്പോഴുമരിമണികള് തേടി-
തീമേല്‍ കലത്തില്‍ തിളയ്ക്കുന്നു വെള്ളം
മൂവാണ്ടു കൂടുമ്പോളെപ്പോഴോ മേയുന്ന-
ഓലപ്പുരക്കീഴിലൊറ്റവെട്ടം
സന്ധ്യനേരത്തമ്മ ചെല്ലിക്കൊടുക്കുന്ന-
കീര്‍ത്തനം മക്കളങ്ങേറ്റുചൊല്ലും
അങ്ങുകിഴക്കന്മലയില് നിന്നെത്തുന്ന-
പുള്ളിന് ഭയങ്കരനാദം മുഴങ്ങുന്നു
ഇടയ്ക്കിടെ മൂളുന്ന മൂങ്ങതന്‍ ശബ്ദവും
വന്നുപോം വാവലും ഭയമുണര്‍ത്തും
കൂരിരുളിലെവിടെയും മിന്നിത്തിളങ്ങുന്ന-
മിന്നാമിനുങ്ങുകളാശ്രയമായിടും
അമ്മതന്നെഞ്ചിലുമടുപ്പിലും തീക്കനല്‍-
മത്സരിച്ചീടുന്നുവന്നത്തിനായ്
അമ്മതന്മടിയില് കിടന്നുകൊണ്ടിളയവള്-
മുഖം കമഴ്ത്തി ഭയം നീക്കീടുന്നു
ഇളയവന്ചോദിക്കുമമ്മയോടപ്പോള്-
അരിയുമായച്ഛനിങ്ങെപ്പോള് വരും
ദൂരത്തിരുട്ടിലേക്കുറ്റുനോക്കീട്ടമ്മ-
ചൊല്ലിടുമച്ഛന്‍ വരുമിപ്പോഴെന്ന്
അച്ഛന്റെ കാല്പ്പെരുമാറ്റമടുത്തപ്പോള്-
മക്കള്‍ തന്നുള്ളിലെ ഭയമകന്നു
മക്കളെയെന്നുള്ള നീട്ടിയൊരു വിളികേട്ട്-
ആനന്ദപുളകിതരായി മക്കള്‍
സന്ധ്യയ്ക്കു ചിത്തത്തിലോടിക്കയറിയ-
ഭയമെന്ന തസ്ക്കരന് പാഞ്ഞുപോയി
ലോകത്തിലേറ്റവും ശ്രേഷ്ഠവും,ദൈവവും-
അച്ഛനാണെന്നമ്മയെന്നുമോതും
എരിപൊരിവെയിലേറ്റ്ചുക്കിച്ചുളിഞ്ഞതാം-
ദേഹമിരുട്ടിലങ്ങറിയാതെയായി
അസ്തികൂടത്തിന്റെ സദൃശ്യമാം ദേഹവും
ഇരുകണ്ങ്കളാഴത്തിലേക്കുമായി
എങ്കിലുമന്നത്തിനൊരുനാളും മുട്ടാതെ-
കൂലിപ്പണിക്കുപോയച്ഛനെന്നും
അരിയുപ്പു, മുളകിന് കിഴിക്കെട്ടുമായ് വരും-
അച്ഛനെകണ്ടമ്മ പതിവായ്ക്കരയും
അരിവാങ്ങിയുടനെയങ്ങന്നമാക്കീടുന്ന
അമ്മയ്ക്കരുകിലായ് മക്കളെത്തും
അച്ഛനുമമ്മയും മക്കളും ചേര്‍ന്ന്- വട്ടത്തില്ചേര്ന്നങ്ങുകഞ്ഞിമോന്തും
മണ്ണെണ്ണവിളക്കിന്റെ ചുറ്റിലുമിരുന്ന്-
വായനയുംമെഴുത്തും നടത്തുന്നു മക്കള്‍
ദീര്‍ഘനിശ്വാസത്താല്‍ അച്ഛന് പറയും-
നന്നായ് പഠിക്കണം നല്ലനിലയിലെത്തണം
നന്നായി പഠിച്ചൊരു ജോലിവാങ്ങിക്കണം-
അച്ഛനൊരു കാറ് വാങ്ങിക്കൊടുക്കണം
അമ്മയ്ക്കുമക്കാറില് യാത്രചെയ്തീടണം-
ഇരുവരേം നന്നായി പരിചരിച്ചീടണം
അതിനായി അച്ഛനുമമ്മയുമിരിക്കാതെ-
ഒരിക്കലും വരാതെയവര് തിരിച്ചുപോയി
പൊട്ടിക്കരയുന്നമക്കളെ നോക്കി-
മിന്നാമിനങ്ങായി നിത്യമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: