നാഗ്പൂര്‍: രാമജന്മഭൂമി കേസില്‍ കോടതി വിധി ഹൈന്ദവ സമൂഹത്തിനു അനുകൂലമാണെങ്കിലും അത് ആ ആഘോഷിക്കില്ലെന്ന് ആര്‍എസ്എസ്. സംഘത്തിന്റെ പാരമ്പര്യം സംയമനവും മതസൗഹാര്‍ദ്ദവുമാണ്. അനുകൂലമായ വിധി വന്നാല്‍ അടുത്ത വര്‍ഷം ആദ്യം രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനാവുമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി.
സംഘം ഒരിക്കലും വിജയങ്ങള്‍ അതിരുവിട്ട് ആഘോഷിക്കാറില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഞങ്ങള്‍ ആഘോഷിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഞങ്ങള്‍ ഒന്നിന്റേയും വിജയ പരാജയങ്ങളുടെ വശങ്ങള്‍ പരിശോധിക്കാറില്ല. ഇത് ഒരു കോടതിവിധിയാണ്. അതിനാല്‍ വിജയത്തിന്റെയോ പരാജയത്തിന്റെയോ ഒരു ചോദ്യം ഉദിക്കുന്നില്ല. എന്തായാലും നീതിയുടെ വിജയമായാണ് കണക്കാക്കേണ്ടത്. ഒരു കോടതി വിധിയില്‍ ആഘോഷമുണ്ടായാല്‍ അതു മറുവശത്തുള്ളവരെ മാനസികമായി തളര്‍ത്താനും അതു രാജ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് ആയുധമാക്കാനും ഇടയാക്കും. അതിനാല്‍ അത്തരമൊരു ആഘോഷങ്ങളും ഉണ്ടാകരുത്. വിധി അനുകൂലമെങ്കില്‍ ദീപങ്ങള്‍ തെളിച്ചും പ്രാര്‍ഥനകള്‍ നടത്തിയും വേണം അതിനെ വരവേല്‍ക്കാനെന്നും ആര്‍എസ്എസ് നേതൃത്വം.
ഈ വിധി ”ഹിന്ദുക്കളുടെ വിജയമായോ മുസ്ലീംങ്ങളുടെ പരാജയമായോ ആകില്ല” എന്ന് വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) മുതിര്‍ന്ന കാര്യകര്‍ത്താവും വ്യക്തമാക്കി. തങ്ങള്‍ക്ക് ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ ശേഷിക്കുന്നുവെന്നും ജാതീയ ചിന്തകളുള്‍പ്പെടെ നിരവധി വിവേചനങ്ങള്‍ സമൂഹത്തില്‍ നിന്നും നീക്കാനായി ഇനിയും നിരന്തരം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദേശീയ ബോധം വളര്‍ത്താനായി ‘ഒരു രാഷ്‌ട്രം’ എന്ന ആശയം വികസിപ്പിക്കുകയും വേണം. ഇതിനായി സമൂഹത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം മകരസംക്രാന്തി ദിവസം ആരംഭിച്ച് നാലുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. എന്നാല്‍, ഇതുസംബന്ധിച്ച് അനുകൂല വിധി ഉണ്ടായാല്‍ അതിനു ശേഷം യോഗം ചേര്‍ന്ന് ഏകകണ്ഠമായാകും തീരുമാനം എടുക്കുക.
















