വിളവൂര്‍ക്കല്‍: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഒരാഴ്ചത്തേക്ക് ആയിരുന്ന സസ്‌പെന്‍ഷന്‍ പിന്നീട് രക്ഷിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്നുദിവസമായി കുറക്കുകയായിരുന്നു.
സ്‌കൂളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുന്‍പ് പരിപാടികള്‍ നടത്തിയിട്ടുണ്ട്. അതുപോലെയാണ് ഇപ്പോള്‍ ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ പതിപ്പിച്ചതെന്ന് സസ്‌പെന്‍ഷന് ഇരയായ കുട്ടികള്‍ പറഞ്ഞു. ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്പോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്പോള്‍ മകളെ നിനക്ക് നീ മാത്രം. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികള്‍ ഒട്ടിച്ചത്.
എന്നാല്‍ ക്ലാസ്സ് ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസ്സ്മുറിയില്‍ പോസ്റ്റര്‍ പതിപ്പിച്ചതിനാണ് അച്ചടക്ക നടപടിയെന്നാണ് സ്‌കൂള്‍ പ്രിസിപ്പാളിന്റെ പ്രതികരണം. അതേസമയം വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇരകളുടെ രക്ഷിതാക്കള്‍ക്കോ, സര്‍ക്കാരിനോ പോക്‌സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കാമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
















